സതാംപ്റ്റണ്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യനിരയുടെയും വാലറ്റത്തിന്റെയും കൂട്ടത്തകര്‍ച്ചയില്‍ 217 എന്ന സ്‌കോറിലേക്ക് ഒന്നാം ഇന്നിങ്‌സില്‍ ഒതുങ്ങേണ്ടി വന്നു.
ന്യൂസീലന്‍ഡ് പേസര്‍മാര്‍ മികച്ച സ്വിങ്ങുകൊണ്ട് ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിച്ചു. എന്നാല്‍ ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ പേസ് നിരയ്ക്ക് പ്രതീക്ഷിച്ച സ്വിങ് ലഭിച്ചില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ ഭേദപ്പെട്ട് നിന്നു. ന്യൂസീലന്‍ഡിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ സ്പിന്നറായ ആര്‍ അശ്വിന്‍ വേണ്ടി വന്നു.

പേസിന് വലിയ പിന്തുണ ലഭിക്കുന്ന പിച്ചില്‍ ഡ്യൂക്‌സ് ബോളിന്റെ അധിക സഹായം ലഭിച്ചിട്ടും ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സ്വിങ് ചെയ്യിക്കാനാവുന്നില്ല എന്നത് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ വേണമായിരുന്നെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ പ്രതികരിച്ചിരിക്കുകയാണ്. സ്വിങ് ബൗളറായ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ വേണമായിരുന്നെന്ന തരത്തിലാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
ഇംഗ്ലണ്ടിലെ സ്വിങ്ങിങ് സാഹചര്യം അറിയാമായിരുന്നിട്ടും ഭുവനേശ്വറിനെ പരിഗണിക്കാന്‍ ഇന്ത്യ തയ്യാറായില്ലെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. നിലവിലെ ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും നന്നായി പന്ത് സ്വിങ് ചെയ്യിക്കുന്ന താരം ഭുവനേശ്വര്‍ കുമാറാണ്. ഇംഗ്ലണ്ടില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഭുവനേശ്വര്‍. എന്നാല്‍ സമീപകാലത്തായി തുടര്‍ച്ചയായി പരിക്കേറ്റതും ഫോമില്ലാതിരുന്നതും ഇംഗ്ലണ്ട് പര്യടനത്തില്‍ ഭുവിയെ തടയാന്‍ കാരണമായി.
കോലിക്ക് ടീം തിരഞ്ഞെടുപ്പിലുണ്ടായ പാളിച്ചകള്‍ കുമാര്‍ അജിന്‍ത്യ എന്ന ആരാധകര്‍ ചൂണ്ടിക്കാട്ടി. സ്വിങ് ചെയ്യുന്ന പിച്ചില്‍ ഭുവനേശ്വറിനെ പരിഗണിച്ചില്ല,മുഹമ്മദ് സിറാജിനെ പരിഗണിക്കാതെ രണ്ട് സ്പിന്നര്‍മാരെ പരിഗണിച്ചു,ചെറിയ ടോട്ടലായിട്ടും പ്രതിരോധ ഫീല്‍ഡിങ് ഒരുക്കുന്നു,ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി, ഇതെല്ലാം കോലിയുടെ ക്യാപ്റ്റനെന്ന നിലയിലെ പോരായ്മകളായാണ് കുമാര്‍ അജിന്‍ത്യ ചൂണ്ടിക്കാട്ടുന്നത്.
ഒരു സ്പിന്നറെപ്പോലും പരിഗണിക്കാതെ ന്യൂസീലന്‍ഡ് ഇറങ്ങിയപ്പോള്‍ അശ്വിനെയും ജഡേജയേയും ഒന്നിച്ച് ഇറക്കാനുള്ള ഇന്ത്യയുടെ തീരുമാനം തെറ്റായിപ്പോയെന്ന് ഇതുവരെയുള്ള മത്സരത്തിന്റെ അവസ്ഥയില്‍ നിന്ന് വ്യക്തം.