മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അതിന് ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. മൂന്ന് മാസത്തോളം നീണ്ട് നില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി നാല് സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നിവര്‍ക്കൊപ്പം വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലുമാണുള്ളത്.
കഴിഞ്ഞിടെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച അക്ഷര്‍ പട്ടേല്‍ നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 27 വിക്കറ്റുകളാണ് പിഴുതത്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ അക്ഷറിന് സ്വപ്‌നതുല്യമായ തുടക്കം തന്നെയാണ് ലഭിച്ചതെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്താന്‍ വൈകിയതിന്റെ കാരണവും ടീമിലേക്കെത്താന്‍ രവീന്ദ്ര ജഡേജ എങ്ങനെ വെളുവിളിയാവുന്നെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് അക്ഷര്‍ പട്ടേല്‍.

'എനിക്ക് എന്തെങ്കിലും കുറവുണ്ടെന്ന് തോന്നിയിട്ടില്ല. ദൗര്‍ഭാഗ്യവശാല്‍ പരിക്കേല്‍ക്കുകയും ഇതേത്തുടര്‍ന്ന് ഏകദിന ടീമിലെ ഇടം നഷ്ടമാവുകയും ചെയ്തു. ടെസ്റ്റില്‍ ജഡേജയും അശ്വിനും മികച്ച പ്രകടനമാണ് നടത്തുന്നത്. ജഡേജ നടത്തുന്ന പ്രകടനം വിലയിരുത്തുമ്പോള്‍ മറ്റൊരു ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ക്ക് ടീമില്‍ ഇടം കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചഹാലിന്റെയും കുല്‍ദീപിന്റെയും കൂട്ടുകെട്ട് മികച്ചതായതോടെയാണ് ഞാന്‍ പുറത്തായത്. ഒരവസരം ജയിച്ചാല്‍ എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കും- ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷര്‍ പറഞ്ഞു.
ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സ്ഥിര സാന്നിധ്യമാവാന്‍ അക്ഷറിന് സാധിച്ചിട്ടില്ല. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ തരക്കേടില്ലാത്ത റെക്കോഡ് അക്ഷറിനുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് അക്ഷര്‍. 2021 സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അക്ഷറിന് സാധിച്ചിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് ഇന്ത്യന്‍ അക്ഷറിനെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തില്‍ അക്ഷറിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ജഡേജയ്‌ക്കോ അശ്വിനോ പരിക്കേറ്റാല്‍ അക്ഷറിന് അവസരം ലഭിച്ചേക്കും. ഇന്ത്യക്കായി 38 ഏകദിനത്തില്‍ നിന്ന് 45 വിക്കറ്റും 12 ടി20യില്‍ നിന്ന് 9 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 101 ഐപിഎല്ലില്‍ നിന്ന് 86 വിക്കറ്റാണ് അക്ഷറിന്റെ സമ്പാദ്യം.