സതാംപ്റ്റണ്‍: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. മഴ മൂലം രണ്ട് ദിവസം ഉപേക്ഷിക്കേണ്ടി വന്ന മത്സരത്തില്‍ റിസര്‍വ് ദിനമായ ഇന്ന് കളി നടത്തുകയാണ്. 32 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ അഞ്ചാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 എന്ന നിലയിലാണ്. നിലവില്‍ എട്ട് വിക്കറ്റ് ശേഷിക്കെ 32 റണ്‍സ് ലീഡ് ഇന്ത്യക്കുണ്ട്.
ആറാം ദിനത്തില്‍ ബാറ്റിങ് ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാവും. ഇന്ത്യ എത്ര നേരം ബാറ്റ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാവും മത്സരഫലം. രോഹിത് ശര്‍മ,ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിട്ടുണ്ട്. മൂന്നാം ഇന്നിങ്‌സില്‍ നിലവിലെ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് ശരാശരി എങ്ങനെയാണെന്ന് അറിയാം.
40.57 ശരാശരിയുള്ള രോഹിത് ശര്‍മയാണ് ഏറ്റവും കേമന്‍. ഫൈനലില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് 64 റണ്‍സാണ് രോഹിത് നേടിയത്. രണ്ട് ഇന്നിങ്‌സിലും നിലയുറപ്പിക്കാനായെങ്കിലും വലിയ സ്‌കോറിലേക്ക് അതിനെ മാറ്റുന്നതില്‍ രോഹിത് പരാജയപ്പെട്ടു. രണ്ടാം സ്ഥാനത്തുള്ളത് രോഹിത് ശര്‍മയാണ്. 38.72 ശരാശരിയിലാണ് പുജാരയുടെ പ്രകടനം. നിലവില്‍ 12 റണ്‍സുമായി പുജാര ക്രീസിലുണ്ട്. പുജാര എത്ര നേരം ക്രീസില്‍ പിടിച്ചുനില്‍ക്കുന്നോ അത്രയും ഇന്ത്യക്ക് കാര്യങ്ങള്‍ ഗുണം ചെയ്യും.

മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ്. 38.53 ആണ് അദ്ദേഹത്തിന്റെ ശരാശരി. ഒന്നാം ഇന്നിങ്‌സില്‍ 49 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോറര്‍ രഹാനെയായിരുന്നു. അതിനാല്‍ത്തന്നെ രണ്ടാം ഇന്നിങ്‌സിലും മികച്ച പ്രകടനമാണ് രഹാനെയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വിദേശത്ത് മികച്ച റെക്കോഡുകളുള്ള താരം കൂടിയാണ് അദ്ദേഹം.
എട്ട് റണ്‍സുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി ക്രീസിലുണ്ട്. മൂന്നാം ഇന്നിങ്‌സില്‍ 35.64 ആണ് അദ്ദേഹത്തിന്റെ ശരാശരി. ആദ്യ ഇന്നിങ്‌സില്‍ 44 റണ്‍സിനാണ് കോലി പുറത്തായത്. ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ ശരാശരി 27.94 ആണ്. നിര്‍ണ്ണായക ഘട്ടത്തില്‍ ബാറ്റുകൊണ്ട് തിളങ്ങാനും അശ്വിന്‍ മിടുക്കനാണ്. 23.30 ശരാശരിയാണ് രവീന്ദ്ര ജഡേജയ്ക്കുള്ളത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് മൂന്നാം ഇന്നിങ്‌സില്‍ മോശമാണ്. 15.14 ആണ് അദ്ദേഹത്തിന്റെ ശരാശരി. യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ് ഏറ്റവും മോശം. 11 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി.