മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ജൂണ്‍ 18ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടിലാണ് മത്സരമെന്നതിനാല്‍ പേസ് ബൗളര്‍മാരുടെ പോരാട്ടത്തിനാവും ആരാധകര്‍ സാക്ഷ്യം വഹിക്കുക. ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്, നെയ്ല്‍ വാഗ്നര്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരെ പേസ് നിരയില്‍ കിവീസ് ഉയര്‍ത്തിക്കാട്ടുമ്പോള്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവരെയാണ് ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്നത്.
ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ബൗളിങ് നിര എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. 'ഇംഗ്ലണ്ടില്‍ ഒരു എക്‌സ്ട്രാ പേസറെയാണ് ഇന്ത്യക്ക് വേണ്ടതെങ്കില്‍ മുഹമ്മദ് സിറാജിനെ പരിഗണിക്കാം. സമീപകാലത്തായി മികച്ച ബൗളിങ്ങാണ് അവന്‍ നടത്തുന്നത്. സ്വാഭാവികമായി ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നീ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെയും അശ്വിന്‍, ജഡേജ എന്നീ സ്പിന്നര്‍മാരെയുമാണ് ഇന്ത്യ പരിഗണിക്കേണ്ടത്'-ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ നെഹ്‌റ പറഞ്ഞു.

ബാറ്റിങ് മികവ് പരിഗണിക്കുമ്പോള്‍ അശ്വിനെയും ജഡേജയേയും ഒരുമിച്ച് കളിപ്പിക്കുന്നതാണ് ടീമിന്റെ സംതുലിതാവസ്ഥയ്ക്ക് നല്ലത്. ഇപ്പോഴും ഫൈനലിനായി ഒരു മാസത്തിനടുത്ത് ദിവസങ്ങള്‍ ബാക്കിയുണ്ട്. ഇരുവരും മികച്ച കായിക ക്ഷമതയുള്ളവരാണ്. ഇരുവരും നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ളവരാണെന്നത് ടീമിന്റെ ശക്തി ഉയര്‍ത്തുന്നുവെന്നും നെഹ്‌റ പറഞ്ഞു.
ഇന്ത്യക്കും ന്യൂസീലന്‍ഡിനും മികച്ച പേസ് ബൗളര്‍മാരുണ്ട്.ഇന്ത്യന്‍ ബൗളര്‍മാരെ നോക്കുക. ബുംറയും ഷമിയും ഫ്‌ളാറ്റായുള്ള പിച്ചാണെങ്കിലും നന്നായി പന്തെറിയും. ന്യൂസീലന്‍ഡ് പേസര്‍മാരില്‍ ട്രന്റ് ബോള്‍ട്ട് തീര്‍ച്ചയായും വളരെ മികച്ച പേസറാണ്. നെയ്ല്‍ വാഗ്നറും അവര്‍ക്കൊപ്പമുണ്ട്. സ്വിങ് ലഭിച്ചില്ലെങ്കില്‍ ടിം സൗത്തിയുടെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം. കെയ്ല്‍ ജാമിസനും മികച്ച പേസറാണെങ്കിലും അല്‍പ്പം കൂടി പരിചയസമ്പത്ത് വേണമെന്നും നെഹ്‌റ പറഞ്ഞു.
ഇന്ത്യക്കും മികച്ച പേസ് കരുത്ത് ഉള്ളതിനാല്‍ ഇംഗ്ലണ്ടിലേത് പൂര്‍ണ്ണമായും പേസ് പിച്ചാകാന്‍ സാധ്യതയില്ല. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പരിചയമുള്ള താരങ്ങളാണ് ഇന്ത്യന്‍ നിരയില്‍ കൂടുതലും. റിഷഭ് പന്ത് ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുണ്ട്. ഇഷാന്തിന് മികച്ച റെക്കോഡും ഇംഗ്ലണ്ട് പിച്ചിലുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യയെക്കാള്‍ കൂടുതല്‍ നന്നായി അറിയാവുന്നത് കിവീസിനാണ്.