മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധേയമായത് ഒരു യുവതാരത്തിന്റെ സാന്നിധ്യമാണ്. ഗുജറാത്ത് കാരന്‍ പേസര്‍ അര്‍സാന്‍ നഗ്വാസല്ലയായിരുന്നു ആ താരം. സ്റ്റാന്റ്‌ബൈ താരമായാണ് അര്‍സാനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആര്‍ക്കും തന്നെ സുപരിചിതനല്ലാത്ത, ഐപിഎല്‍ പോലും കളിക്കാത്ത താരം എങ്ങനെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചുവെന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. എന്നാല്‍ ഭാവിയിലെ ഇന്ത്യന്‍ ടീമിന്റെ മുഖമായി മാറാന്‍ സാധ്യതയുള്ള അര്‍സാന്‍ നഗ്വാസല്ല ഇപ്പോള്‍ തന്നെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്.
ഇഷ്ടതാരവും പ്രചോദനവും ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനാണെന്നാണ് അര്‍സാന്‍ നഗ്വാസ്വല്ല തുറന്ന് പറഞ്ഞത്. 'എന്റെ ഇഷ്ടതാരവും പ്രചോദനവും എപ്പോഴും സഹീര്‍ ഖാനായിരിക്കും. പ്രധാനമായും അദ്ദേഹവും ഇടം കൈയന്‍ പേസറാണ്. അദ്ദേഹം ഇന്ത്യക്കായി കളിക്കുന്നത് മികച്ച പ്രകടനം നടത്തുന്നതും കണ്ടാണ് വളര്‍ന്നത്'- ബിസിസി ഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍സാന്‍ നഗ്വാസ്വല്ല പറഞ്ഞു. ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ്‌സ് ബൗളറായ അര്‍സാന്‍ ഉണ്ടായിരുന്നു. 23കാരനായ താരം 16 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 62 വിക്കറ്റുകളാണ് വീഴ്ത്തിയത്. അതും 3.2 എന്ന മികച്ച ഇക്കോണമിയില്‍.

കരിയറില്‍ വളര്‍ച്ച കൈവരിക്കാന്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ വഹിച്ച പങ്കിനെക്കുറിച്ചും അര്‍സാന്‍ മനസ് തുറന്നു. ആഭ്യന്തര മത്സരങ്ങളില്‍ കളിക്കവെ അദ്ദേഹം വലിയ പിന്തുണയാണ് നല്‍കിയതെന്നും കരിയറിലെ വളര്‍ച്ചയ്ക്ക് പാര്‍ഥിവ് ഉപദേശങ്ങളുമായി കൂടെയുണ്ടായിരുന്നെന്നും യുവതാരം പറഞ്ഞു. പാര്‍ഥിവ് ഗുജറാത്തിന്റെ നായകനായിരിക്കെയാണ് അര്‍സാന്‍ അരങ്ങേറ്റം നടത്തിയത്.
'2018ലെ വിജയ് ഹസാരെ ട്രോഫിയില്‍ പാര്‍ഥിവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഞാന്‍ അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ അദ്ദേഹം താരങ്ങളെയും ടീമിനെയും നയിച്ചത് തികച്ചും വ്യത്യസ്തമായായിരുന്നു.ടീമിലെ നിന്റെ റോള്‍ എന്താണെന്നതിനെക്കുറിച്ച് നീ കൃത്യമായി മനസിലാക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. മൂന്നാം പേസറാണോ അതോ ന്യൂബോള്‍ ബൗളറാണോയെന്ന് കൃത്യമായി അറിയണം. പദ്ധതികള്‍ക്ക് അദ്ദേഹം എപ്പോഴും മുന്‍തൂക്കം നല്‍കിയിരുന്നു. പദ്ധതികള്‍ നടപ്പിലാക്കാന്‍ സ്വയം ആത്മവിശ്വാസത്തിലേക്കെത്താന്‍ പറയുമായിരുന്നു'-അര്‍സാന്‍ പറഞ്ഞു.
23 വയസിനുള്ളില്‍ത്തന്നെ ഐപിഎല്ലില്‍ പോലും കളിക്കാതെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ അര്‍സാന്‍ ചില്ലറക്കാരനല്ലെന്ന് വ്യക്തം. അണ്ടര്‍ 16,19,23 ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.