കൊല്‍ക്കത്ത: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ കലാശ പോരാട്ടം.അതിന് ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിലാണ് മത്സരമെന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളികളേറെയാണ്. പേസിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ കൂടുതല്‍ ആധിപത്യം ന്യൂസീലന്‍ഡിനാണ്.
ഇംഗ്ലണ്ടിലേതുപോലെയുള്ള പിച്ചാണ് ന്യൂസീലന്‍ഡിലേതും. അതിനാല്‍ത്തന്നെ പേസര്‍മാരെ കൂടുതല്‍ മികവോടെ നേരിടാന്‍ വില്യംസണും സംഘത്തിനും സാധിച്ചേക്കും. ഇന്ത്യക്കൊപ്പം ഇത്തവണ മികച്ച താരനിരയുള്ളതിനാല്‍ വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്. ഇപ്പോഴിതാ ഇംഗ്ലണ്ടിലെ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ ഇന്ത്യയുടെ ബൗളര്‍മാരെക്കാള്‍ പ്രയാസപ്പെടുക ബാറ്റ്‌സ്മാന്‍മാരാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍.

'ഇംഗ്ലണ്ടിലെ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ ഇന്ത്യയുടെ ബൗളര്‍മാരേക്കാള്‍ പ്രയാസപ്പെടുക ബാറ്റ്‌സ്മാന്‍മാരാവുമെന്നാണ് എനിക്ക് തോന്നുന്നത്. മുന്നിലുള്ളത് ഒരവസരം മാത്രമാണ്. മത്സരത്തില്‍ തിരിച്ചുവരാനുള്ള അവസരം ബൗളര്‍മാര്‍ക്കുണ്ട്. ഒരു സ്‌പെല്‍ മോശമായാലും താളം കണ്ടെത്തി തിരിച്ചെത്താന്‍ അവസരമുണ്ട്. ബൗളര്‍മാര്‍ പന്തെറിയുന്തോറും താളം കൂടുതല്‍ കണ്ടെത്തിക്കൊണ്ടിരിക്കും. പിച്ചിലെ ലൈനും ലെങ്തും സ്വിങ്ങും പേസുമെല്ലാം മനസിലാക്കുന്നതോടെ അതിനനുസരിച്ച് പന്തെറിയാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കും'-അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
ആത്മവിശ്വാസമാണ് ബാറ്റ്‌സ്മാന് പ്രധാനമെന്നും അഗാര്‍ക്കര്‍ ഓര്‍മിപ്പിച്ചു. ''ആദ്യ ബോളില്‍ത്തന്നെ ബാറ്റ്‌സ്മാന്‍ പുറത്തായാല്‍ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചെത്താന്‍ അവസരമുണ്ട്. എന്നാല്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ നേരത്തെ തന്നെ പുറത്താകും. അതിനാല്‍ ഇന്ത്യ നടത്തുന്ന മുന്നൊരുക്കങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോഴാണ് മുന്‍തൂക്കം ന്യൂസീലന്‍ഡിനാണെന്ന് പറയുന്നത്. കാരണം ഫൈനലിന് മുമ്പ് അവര്‍ രണ്ട് ടെസ്റ്റ് അവിടെ കളിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ വേഗത്തില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും കായിക ക്ഷമത കണ്ടെത്താനും അവര്‍ക്ക് സാധിക്കും'-അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ബൗളര്‍മാരുടെ സമീപകാലത്തെ വിദേശ പര്യടനങ്ങളിലെ പ്രകടനം വളരെ മികച്ചതാണ്.2018ന് ശേഷമുള്ള കണക്ക് പ്രകാരം ബുംറ 79 വിക്കറ്റും ഷമി 61 വിക്കറ്റും ഇഷാന്ത് 53 വിക്കറ്റും ഉമേഷ് യാദവ് 11 വിക്കറ്റും എവേ മത്സരങ്ങളില്‍ നേടിയിട്ടുണ്ട്. രോഹിത് ശര്‍മ,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. റിഷഭ് പന്ത് മധ്യനിരയിലുണ്ടെങ്കിലും മികച്ച തുടക്കം ലഭിക്കാത്ത പക്ഷം വലിയ തകര്‍ച്ച ഇന്ത്യ നേരിടേണ്ടിവരും.