മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ ജൂണ്‍ 18ന് സതാംപ്റ്റണില്‍വെച്ചാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ഇതിന് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരെയും കളിക്കുന്നതിനാല്‍ പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പര്യടനത്തിനെത്തിയിരിക്കുന്നത്.
പേസിന് അനുകൂലമായ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയായിരിക്കണമെന്നത് ടീം മാനേജ്‌മെന്റിനെ സംബന്ധിച്ച് പ്രയാസപ്പെടുത്തുന്ന കാര്യമാണ്. നാല് പേസറും ഒരു സ്പിന്നര്‍,രണ്ട് സ്പിന്നറും മൂന്ന് പേസറും, ഇതില്‍ ഏത് ബൗളിങ് കൂട്ടുകെട്ട് രീതിയാവും ഇന്ത്യ പിന്തുടരുക എന്നെല്ലാം കണ്ടറിയണം.

ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍. ഓപ്പണറായി രോഹിത് ശര്‍മ ഉറപ്പാണെങ്കിലും പങ്കാളിയാരെന്നത് വലിയ ചോദ്യമാണ്. ശുഭ്മാന്‍ ഗില്‍,മായങ്ക് അഗര്‍വാള്‍,കെഎല്‍ രാഹുല്‍ എന്നിവരാണ് പ്രധാനമായും അവസരം തേടുന്നത്. ഇതില്‍ മായങ്കിനെയാണ് രോഹിതിന്റെ പങ്കാളിയായി അജിത് തിരഞ്ഞെടുത്തത്.
ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡാണ് മായങ്കിന്റെ പേരിലുള്ളത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് നിലവില്‍ അദ്ദേഹം പ്ലേയിങ് 11 പുറത്താണ്. എന്നാല്‍ നിലവിലെ സാധ്യത പ്രകാരം രോഹിതിനൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണറായേക്കും. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഈ കൂട്ടുകെട്ട് മികച്ച പ്രകടനമാണ് നടത്തിയത്.
ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത് എന്നിവരുടെ ടീമിലെ സ്ഥാനത്തെക്കുറിച്ച് നിലവില്‍ പുനര്‍ചിന്തനം നടത്തേണ്ട ആവിശ്യമില്ല. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയുമാണ് അജിത് ടീമിലേക്ക് പരിഗണിച്ചത്. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ടീമിന്റെ ഭാഗമാവുമ്പോള്‍ സീനിയര്‍ പേസര്‍മാരായ ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഇറങ്ങണമെന്നാണ് അജിത് അഭിപ്രായപ്പെട്ടത്.
ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം കണ്ടറിയാം. സീനിയര്‍ താരനിരയ്ക്ക് തിളങ്ങാനായാല്‍ കിരീടം നേടാന്‍ ഇന്ത്യക്ക് സാധിക്കും. കെയ്ന്‍ വില്യംസണ്‍ ക്യാപ്റ്റനായുള്ള ന്യൂസീലന്‍ഡ് കരുത്തരായ എതിരാളികളാണ്.
പ്ലേയിങ് 11:രോഹിത് ശര്‍മ,മായങ്ക് അഗര്‍വാള്‍,ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ.