മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. മഴമുടക്കിയ ആദ്യ ദിനത്തിന് ശേഷം രണ്ടാം ദിനം കളി നടന്നപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ഇന്ത്യക്കായി. രോഹിത് ശര്‍മ (34),ശുഭ്മാന്‍ ഗില്‍ (28),ചേതേശ്വര്‍ പുജാര (8) എന്നിവരുടെ വിക്കറ്റ് ഇന്ത്യ നഷ്ടമായെങ്കിലും വിരാട് കോലിയും (44) അജിന്‍ക്യ രഹാനെയും ചേര്‍ന്ന് (29) ഇന്ത്യക്ക് പ്രതീക്ഷ നല്‍കി ക്രീസില്‍ തുടരുന്നു.
തികച്ചും വ്യത്യസ്തമായ ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ കാഴ്ചവെച്ചത്. രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര എന്നിവര്‍ പുറത്തായതിനാല്‍ത്തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റ് ചെയ്യാന്‍ കോലി തയ്യാറായി. 126 പന്തുകള്‍ നേരിട്ട് 44 റണ്‍സാണ് കോലി ആദ്യ ദിനം നേടിയത്. ഇതില്‍ ഒരു ബൗണ്ടറി മാത്രമാണുള്ളത്. പൊതുവേ ഇത്രയും ക്ഷമയോടെ കളിക്കാത്ത കോലി അവസരത്തിനൊത്ത് തന്റെ ബാറ്റിങ് ശൈലി ചിട്ടപ്പെടുത്തിയതാണ് സതാംപ്റ്റണില്‍ കണ്ടത്.

ഇപ്പോഴിതാ കോലിയുടെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. 'കോലിയുടെ ആക്രമണോത്സുകത നമ്മളെല്ലാം നേരത്തെ കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ അവന്റെ ക്ഷമയോടെയുള്ള ഇന്നിങ്‌സ് കാണുകയാണ്. കോലിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനമാണിത്. കോലിയുടെ ആക്രമണോത്സുകതയും ക്രിക്കറ്റിനോടുള്ള ഇഷ്ടവും എല്ലാവര്‍ക്കുമറിയാമെങ്കിലും ഇത്രയും ക്ഷമ.
നേരിട്ട നാലാമത്തെയോ അഞ്ചാമത്തെയോ പന്തില്‍ ബൗണ്ടറി നേടിയെങ്കിലും അതിന് ശേഷം ഒരു ബൗണ്ടറി പോലും നേടിയില്ല.ബാക് ഫൂട്ടില്‍ കളിച്ച് റണ്‍സ് നേടാവുന്ന പിച്ചാണിത്. എന്നാല്‍ കോലി ബാക് ഫൂട്ടില്‍ കളിക്കാന്‍ അധികം തയ്യാറായില്ല. കട്ട് ഷോട്ടോ പഞ്ചോ ചെയ്യാന്‍ തയ്യാറാകാതെ സാഹചര്യത്തിന് അനുസരിച്ച് പുള്‍ ഷോട്ട് മാത്രമാണ് കളിച്ചത്'-ആകാശ് പറഞ്ഞു.
സ്‌ട്രൈക്ക് കൈമാറി പിച്ചിന്റെ സ്വഭാവം അറിഞ്ഞാണ് ആദ്യ ദിനം കോലി ബാറ്റ് ചെയ്തത്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പന്തിന് നല്ല സ്വിങ്ങും വേഗവും ലഭിക്കും. അതിനാല്‍ത്തന്നെ ബാറ്റ്‌സ്മാനെ സംബന്ധിച്ച് മികച്ച പ്രകടനം നടത്തുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ക്ഷമയോടെ മോശം പന്തുകളെ തിരഞ്ഞെടുത്ത് കളിച്ചാല്‍ മാത്രമെ തിളങ്ങാന്‍ സാധിക്കുകയുള്ളു. മൂന്നാം ദിനം കോലി-രഹാനെ കൂട്ടുകെട്ട് ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാവും.