WTC 2021: ഇതൊരു പരാജയപ്പെട്ട ടൂര്‍ണമെന്റായാണ് തോന്നുന്നത്; ആകാശ് ചോപ്ര
മുംബൈ: ഐസിസി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18ന് നടക്കാനൊരുങ്ങുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2019ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് വിജയകരമായാണ് ഫൈനലിലേക്ക് എത്തിനില്‍ക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ചില പരമ്പരകള്‍ ഒഴിവാക്കപ്പെട്ടെങ്കിലും ഫൈനലിലേക്ക് ടൂര്‍ണമെന്റിനെയെത്തിക്കാന്‍ ഐസിസിക്കായി.
തുല്യ പരമ്പരകളല്ല താരങ്ങള്‍ക്ക് ലഭിക്കുന്നത്,ഫൈനലിന് ഒരു മത്സരം മാത്രമാണ് തുടങ്ങിയ കാര്യങ്ങള്‍ക്കെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇതേ രീതിയില്‍ത്തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി സമ്മേളനത്തില്‍ തീരുമാനിച്ചത്. ഇതോടെ രണ്ട് വര്‍ഷം കൂടുമ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകള്‍ നടക്കും.

ഇപ്പോഴിതാ ഇതേ രീതിയില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടരാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ഇതേ രീതിയില്‍ത്തന്നെ മുന്നോട്ട് പോയാല്‍ ഇതൊരു പരാജയപ്പെട്ട ടൂര്‍ണമെന്റായി മാറുമെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ആകാശ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇതേ ഘടനയോടെ മുന്നോട്ട് പോകും. എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും ഒരു ടെസ്റ്റ് ചാമ്പ്യനെ ലഭിക്കും. ഇതൊരു പരാജയപ്പെട്ട ഫോര്‍മാറ്റായാണ് തോന്നുന്നത്. എന്നാല്‍ ഇതേ വഴിയേ തന്നെ മുന്നോട്ട് പോകാനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴും അവര്‍ പറയുന്നത് എല്ലാ ടീമുകള്‍ക്കും ഒരേ നമ്പര്‍ പരമ്പരകളാണ് ലഭിക്കുകയെന്നാണ്.
മൂന്ന് ഹോം പരമ്പരയും അത്ര തന്നെ വിദേശ പരമ്പരയും. എന്നാല്‍ ഈ ആറ് പരമ്പരകളിലും തുല്യ നമ്പര്‍ മത്സരമാണോ ഉണ്ടായിരിക്കുകയെന്നതില്‍ എനിക്ക് ഇപ്പോഴും സംശയമുണ്ട്. കാരണം ആഷസ് അഞ്ച് മത്സരമാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും കളിക്കുന്നത് നാല് മത്സരവും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത് അഞ്ച് മത്സരങ്ങളുമാണ്. ഇന്ത്യയും ബംഗ്ലാദേശും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും കളിക്കുന്നത് രണ്ട് മത്സരങ്ങള്‍ വീതമാണ്-ആകാശ് ചോപ്ര പറഞ്ഞു.
തുല്യ മത്സരങ്ങള്‍ വീതമുള്ള പരമ്പരകള്‍ നടത്തണമെന്ന് പല പ്രമുഖരും ഇതിനോടകം ആവിശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഫൈനലിന് കുറഞ്ഞത് മൂന്ന് മത്സരം വേണമെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മൂന്ന് മത്സരങ്ങളടങ്ങിയ ഫൈനല്‍ മത്സരമാവും കൂടുതല്‍ ഉചിതമെന്ന് രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications