ദില്ലി: വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്നും പുറത്തായി. ഇതോടെ ചരിത്രത്തിലാദ്യമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്ന അഫ്ഗാനിസ്ഥാനെതിരെ പ്രമുഖ താരങ്ങളില്‍ ഒരാള്‍ കൂടി പുറത്തിരിക്കുമെന്നുറപ്പായിരിക്കുകയാണ്.
ഐപിഎല്‍ മത്സരത്തിനിടെ വിരലിന് പരിക്കേറ്റതാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ക്ക് വിനയായത്. അഞ്ചുമുതല്‍ ആറാഴ്ചവരെ സാഹയ്ക്ക് വിശ്രമം വേണ്ടിവരും. ഓഗസ്ത് ഒന്നിനാണ് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ആരംഭിക്കുക. അതുകൊണ്ടുതന്നെ ഈ മത്സരത്തില്‍ താരത്തിന് കളിക്കാനാകില്ലെന്ന് സണ്‍റൈസേഴ്സ് ടീം മാനേജ്മെന്റും വ്യക്തമാക്കുന്നു.
ചുമലിന് പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാഴ്ച വിശ്രമത്തിലായിരുന്ന സാഹ കൊല്‍ക്കത്തയ്ക്കെതിരായ പ്ലേ ഓഫ് മത്സരത്തിലാണ് കളിക്കാനിറങ്ങിയത്. അന്ന് 37 റണ്‍സെടുക്കുകയും ചെയ്തു. എന്നാല്‍, സീസണില്‍ 10 മത്സരങ്ങളില്‍ നിന്നായി ആകെ 87 റണ്‍സ് മാത്രമേ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ.
സാഹയ്ക്ക് പരിക്കേറ്റതോടെ പാര്‍ഥിവ് പട്ടേലോ ദിനേഷ് കാര്‍ത്തിക്കോ ആയിരിക്കും അഫ്ഗാനെതിരെ ഗ്ലൗസണിയുക. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പാര്‍ഥിവ് ആണ് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പര്‍. അതുകൊണ്ടുതന്നെ പാര്‍ഥിവ് തന്നെയായിരിക്കും അഫ്ഗാനെതിരായ ചരിത്ര ടെസ്റ്റില്‍ കളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെ പ്രമുഖര്‍ ടെസ്റ്റില്‍ നിന്നും വിട്ടുനിന്നേക്കും.