മുംബൈ: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ന് (മാര്‍ച്ച് 31, വ്യാഴാഴ്ച) വെസ്റ്റ് ഇന്‍ഡീസിനെ നേരിടാന്‍ ഒരുങ്ങുകയാണ് ടീം ഇന്ത്യ. ജയിച്ചാല്‍ ഫൈനല്‍. മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ എത്തുക. ഈ നേട്ടം കൈവരിക്കുന്ന ഏക ക്യാപ്റ്റനായി മാറും എം എസ് ധോണി. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച ഇംഗ്ലണ്ട് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിക്കഴിഞ്ഞു.
Read Also: കേരളം ഗുജറാത്ത് പോലെ വികസിപ്പിക്കുമെന്ന് 'ഭീഷണി'; ശ്രീശാന്തിന് ട്രോളോട് ട്രോള്‍...
തുടര്‍ച്ചയായ മൂന്ന് വിജയങ്ങളോടെയാണ് ഇന്ത്യ സെമിയില്‍ എത്തിയിരിക്കുന്നത്. നിലവിലെ ഫോം വെച്ച് നോക്കിയാല്‍ ഇന്ത്യ തന്നെയാണ് ഫേവറിറ്റ്‌സ്. ആദ്യത്തെ കളിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റു. പിന്നീട് തുടര്‍ച്ചയായ മൂന്ന് കളികളില്‍ ജയിച്ച് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക്. വെസ്റ്റ് ഇന്‍ഡീസാകട്ടെ ഗ്രൂപ്പിലെ ആദ്യത്തെ മൂന്ന് കളിയും ജയിച്ച് ചാമ്പ്യന്മാരായി. അവസാന കളിയില്‍ അഫ്ഗാനോട് തോറ്റത് മാത്രമാണ് ക്ഷീണം.

മുംബൈയിലെ വാങ്കഡേ സ്‌റ്റേഡിയം പക്ഷേ ഇന്ത്യയ്ക്ക് സെമി കളിക്കാന്‍ അത്ര പോര എന്നാണ് ചരിത്രം പറയുന്നത്. 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പിച്ച വാങ്കഡെയില്‍ ഇന്ത്യ രണ്ട് സെമി ഫൈനലുകള്‍ തോറ്റിട്ടുണ്ട്. 1987 ലാണ് ഇതിലെ ആദ്യത്തെ തോല്‍വി. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ ഇന്ത്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടാണ് തോറ്റത്. കപില്‍ ദേവായിരുന്നു ക്യാപ്റ്റന്‍.
1989 ലായിരുന്നു വാങ്കഡെയില്‍ ഇന്ത്യയുടെ അടുത്ത സെമിഫൈനല്‍ തോല്‍വി. ശ്രീകാന്തായിരുന്നു അന്ന് ക്യാപ്റ്റന്‍. നെഹ്‌റു കപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ഇന്ത്യയുടെ തോല്‍വി. 1987 ലും 1989 ലും ഇന്ത്യ രണ്ട് തവണ സെമിഫൈനല്‍ തോറ്റപ്പോഴും ഫൈനല്‍ മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ആയിരുന്നു, ഈ ലോകകപ്പിന്റെയും ഫൈനല്‍ മത്സരം ഈഡനിലാണ്.