വിരാട് കോലി ജയിച്ചു, ഓസ്‌ട്രേലിയ തോറ്റു, ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍!
മൊഹാലി: ഓസ്‌ട്രേലിയയ്ക്കും സെമിഫൈനലിനും ഇടയില്‍ ഒരേ ഒരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിരാട് കോലി. 51 പന്തില്‍ ചന്തം ചാര്‍ത്തിയ 9 ഫോറും 2 സിക്‌സും സഹിതം വിരാട് കോലി ഇന്ത്യയെ ലോകകപ്പ് സെമിഫൈനലില്‍ എത്തിച്ചു. അവിശ്വസനീയമായ ഷോട്ടുകളും തകര്‍പ്പന്‍ ഓട്ടവുമായി കോലി കളം നിറഞ്ഞപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് തോറ്റുകൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഇന്ത്യന്‍ ബൗളര്‍മാരെ നിലം തൊടീച്ചില്ല. 4.2 ഓവറില്‍ ആദ്യവിക്കറ്റ് വീഴുമ്പോള്‍ അവര്‍ 54ല്‍. അവിടുന്നങ്ങോട്ട് ഇന്ത്യ കളി പിടിച്ചു. ഓസ്‌ട്രേലിയയെ 160ല്‍ പിടിച്ചുനിര്‍ത്തി. ഓപ്പണര്‍മാരും റെയ്‌നയും വീണ്ടും പരാജയപ്പെട്ടപ്പോള്‍ കോലി യുവരാജിനെയും ധോണിയെയും കൂട്ട് പിടിച്ച് പൊരുതി. ജയിപ്പിച്ചു. സെമി ഫൈനലില്‍ എത്തിച്ചു. കളിവിശേഷങ്ങളിലേക്ക്...

എല്ലാം കോലിമയം
ഇന്ത്യയുടെ ചേസിങ് ആകെ മൊത്തം ടോട്ടല്‍ വിരാട് കോലി മയം ആയിരുന്നു. 51 പന്തില്‍ 9 ഫോറും 2 സിക്‌സും അടക്കം 82 റണ്‍സാണ് വിരാട് കോലി അടിച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും റണ്‍സ് വരണ്ടപ്പോഴും കോലി അക്ഷോഭ്യനായി നിന്നു. ഈ ലോകകപ്പില്‍ കോലിയുടെ രണ്ടാമത്തെ മാന്‍ ഓഫ് ദ മാച്ച് പ്രകടനം ആണിത്.

കളി തിരിച്ച ഓവര്‍ ഇത്
അവസാന മൂന്നോവറില്‍ ഇന്ത്യയ്ക്ക് 39 റണ്‍സ് വേണമായിരുന്നു. ക്രീസില്‍ കോലി. ജയിംസ് ഫോക്‌നര്‍ എറിഞ്ഞ ആ ഓവറില്‍ കോലി രണ്ട് ഫോറും ഒരു സിക്‌സും സഹിതം വാരിയത് 19 റണ്‍സ്. അടുത്ത ഓവറില്‍ കര്‍ട്ടല്‍നീലിനെ നാല് ഫോറുകള്‍ക്ക് കോലി പറത്തിക്കഴിഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടത് 1 ഓവറില്‍ നാല് റണ്‍സ്.

ഫിനിഷറായി ധോണി വീണ്ടും
ലോംഗ് ഓഫിലൂടെ ഫോക്‌നറെ ബൗണ്ടറിയിലേക്ക് പായിച്ച് എം എസ് ധോണി വീണ്ടും വിജയറണ്‍ നേടി. കോലിക്കൊപ്പം റോക്കറ്റ് പോലെ റണ്ണുകള്‍ ഓടിയെടുത്തും നിര്‍ണായകമായ 3 ബൗണ്ടറികള്‍ അടിച്ചും ധോണിയും സ്വന്തം ഭാഗം ഭംഗിയാക്കി. 10 പന്തില്‍ 18 റണ്‍സായിരുന്നു ധോണിയുടെ സംഭാവന.

യുവരാജിനെ സമ്മതിക്കണം
വലത്തേക്കാലിലെ വേദന വകവെക്കാതെയാണ് യുവരാജ് കോലിക്കൊപ്പം ബാറ്റ് ചെയ്തത്. 1 ഫോറും 1 സിക്‌സും പറത്തി 18 പന്തില്‍ 21 റണ്‍സും എടുത്തു. എന്നാല്‍ കോലിക്കൊപ്പം യുവരാജിന് പരിക്കേറ്റ കാലുമായി ഓടിയെത്താന്‍ കഴിയാതിരുന്നത് ഇന്ത്യയ്ക്ക് വലിയ തലവേദനയായി. 45 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് കോലിയും യുവിയും ചേര്‍ന്ന് ഉണ്ടാക്കിയത്. സ്മിത്തിന്റെ വിക്കറ്റും യുവി വീഴ്ത്തി.

നെഹ്‌റാജിയാണ് എല്ലാം
പവര്‍പ്ലേയില്‍ ഓസ്‌ട്രേലിയ അടിച്ചത് 60 റണ്‍സ്. ആദ്യത്തെ ആറില്‍ മൂന്നോവറും പിന്നീട് പതിനെട്ടാമത്തെ ഓവറും പന്തെറിഞ്ഞ ആശിഷ് നെഹ്‌റ വഴങ്ങിയത് വെറും 20 റണ്‍സ്. ഉസ്മാന്‍ ഖ്വാജയുടെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് വേണ്ട ബ്രേക്ക് ത്രൂവും നല്‍കി.

അശ്വിന്‍ പാവം
ബൗളിംഗില്‍ ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും അശ്വിനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ രണ്ടോവറില്‍ അശ്വിന്‍ വഴങ്ങിയത് 31 റണ്‍സ്. ആദ്യത്തെ ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത അശ്വിന് ആകെ ആശ്വസിക്കാനുള്ളത് ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് മാത്രമാണ്.

ഭുമ്രയും പാണ്ഡ്യയും ജഡേജയും
ജസ്പ്രീത് ഭുമ്ര ആദ്യ ഓവറില്‍ 17 റണ്‍സ് വഴങ്ങിയെങ്കിലും ശക്തമായി തിരിച്ചുവന്നു. പാണ്ഡ്യ 36 റണ്‍സിന് 2 വിക്കറ്റെടുത്തു. ജഡേജ മൂന്നോവറില്‍ 20 റണ്‍സ് വഴങ്ങിയപ്പോള്‍ യുവരാജ് മൂന്നോവറില്‍ 19 റണ്‍സിന് 1 വിക്കറ്റ് വീഴ്ത്തി.

ആരോണ്‍ ഫിഞ്ച് ടോപ് സ്‌കോറര്‍
34 പന്തില്‍ 43 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖ്വാജ 26ഉം മാക്‌സ്വെല്‍ 31ഉം റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവില്‍ അവസാന രണ്ട് പന്തില്‍ 10 റണ്‍സെടുത്തു.

വാട്‌സന്‍ വിരമിച്ചു, വേദനയോടെ
18 റണ്‍സും രണ്ട് വിക്കറ്റുമായി മികച്ച പ്രകടനമാണ് ഷെയ്ന്‍ വാട്‌സന്‍ നടത്തിയത്. പക്ഷേ ടീം തോല്‍ക്കുന്നത് കണ്ടുകൊണ്ട് വിരമിക്കാനായിരുന്നു യോഗം എന്ന് മാത്രം. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു വാട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications