ബെംഗളൂരു: ഐ പി എല്ലിലെ ഹോം ഗ്രൗണ്ടായ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ക്രിസ് ഗെയ്‌ലിന്റെ താണ്ഡവം പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ നിരാശരായി. പക്ഷേ ശ്രീലങ്കയെ 7 വിക്കറ്റിന് തോല്‍പിച്ച് വെസ്റ്റ് ഇന്‍ഡീസ് സെമി ഫൈനലിലേക്ക് ഒരു പടി കൂടി അടുത്തു. ഒരു ജയം കൂടിയുണ്ടെങ്കില്‍ വിന്‍ഡീസ് സെമിയിലെത്തും. ശ്രീലങ്കയ്ക്കാകട്ടെ സെമിയിലെത്താന്‍ ബാക്കിയുള്ള രണ്ട് കളികളും ജയിക്കേണ്ടി വരും.
ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയെ വെറും 122 റണ്‍സില്‍ ഒതുക്കി ബൗളര്‍മാര്‍ ക്യാപ്റ്റന്‍ സമിയുടെ പ്രതീക്ഷ കാക്കുകയും ചെയ്തു. സ്‌കോര്‍ 20 ല്‍ നില്‍ക്കേ തിലകരത്‌നെ ദില്‍ഷനെ നഷ്ടപ്പെട്ട ശ്രീലങ്ക ഒരിക്കലും കളിയിലേക്ക് തിരിച്ചുവന്നതേ ഇല്ല. 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ മാത്യൂസ്, 40 റണ്‍സെടുത്ത തിസാര പെരേര എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ ചെറുത്തുനിന്നത്. വിന്‍ഡീസിന് വേണ്ടി സാമുവല്‍ ബദ്രീ 3 വിക്കറ്റെടുത്തു.

ഫീല്‍ഡ് ചെയ്യുന്നതില്‍ നിന്നും വിട്ടുനിന്ന ക്രിസ് ഗെയ്‌ലിന് വിന്‍ഡീസിന് വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ പറ്റിയില്ല. പകരം ക്രീസിലെത്തിയ ചാള്‍സും ഫ്‌ലച്ചറുമാകട്ടെ മികച്ച ഫോമിലുമായിരുന്നു. 64 പന്തില്‍ ആറ് ഫോറും 5 സിക്‌സും പറത്തി 84 റണ്‍സെടുച്ച ഫ്‌ലച്ചര്‍ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ ശ്രീലങ്കയുടെ കഥ കഴിച്ചു. രാംദിന്‍, സാമുവല്‍സ് എന്നിവര്‍ ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും റസല്‍ ഫ്‌ലച്ചറിനൊപ്പം വിന്‍ഡീസിനെ ലക്ഷ്യത്തിലെത്തിച്ചു. ഫ്‌ലച്ചറാണ് മാന്‍ ഓഫ് ദ മാച്ച്.