മുംബൈ: ട്വന്റി 20 ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് പുറത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിനിടെ കാലിലേറ്റ പരിക്കാണ് യുവിക്ക് വിനയായത്. ബുധനാഴ്ച മുംബൈയില്‍ നടക്കുന്ന സെമിഫൈനലില്‍ യുവരാജിന് പകരക്കാരനായി കര്‍ണാടക താരം മനീഷ് പാണ്ഡെ ടീമില്‍ ഇടംപിടിച്ചു.
Read Also: യുവരാജിനെ നശിപ്പിക്കുന്നു, ധോണിയെ പുറത്താക്കണമെന്ന് യോഗ്‌രാജ് സിംഗ്!
യുവരാജിന്റെ പരിക്ക് ഭേദമാകുമോ എന്നുറപ്പില്ലാത്തതിനാല്‍ മനീഷ് പാണ്ഡെ തിങ്കളാഴ്ച തന്നെ ടീമിനൊപ്പം ചേര്‍ന്നിരുന്നു. പരിക്ക് മാറി യുവരാജ് സെമിഫൈനലില്‍ കളിച്ചേക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ആരാധകരും ടീം മാനേജ്‌മെന്റും. സെമിഫൈനല്‍ പോലെ ഒരു നിര്‍ണായക മത്സരത്തില്‍ യുവരാജിന്റെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

മികച്ച ഫോമില്‍ അല്ലെങ്കിലും വിരാട് കോലിക്കൊപ്പം രണ്ട് മാച്ച് വിന്നിങ് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ യുവരാജ് സിംഗിന് സാധിച്ചിരുന്നു. നാല് കളികളില്‍ യുവരാജ് 54 റണ്‍സ് മാാത്രമേ എടുത്തിട്ടുള്ളൂ. പക്ഷേ പാകിസ്താനും ഓസ്‌ട്രേലിയയ്ക്കും എതിരായ യുവിയുടെ ഇന്നിംഗ്‌സുകള്‍ നിര്‍ണായകമായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ക്രീസില്‍ എത്തിയതും പരിക്കേറ്റെങ്കിലും യുവരാജ് പൊരുതി നേടിയ 21 റണ്‍സ് ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതായി.
യുവരാജിന് പകരം വരുന്ന മനീഷ് പാണ്ഡെയും തകര്‍പ്പന്‍ ട്വന്റി 20 താരമാണ്. ഐ പി എല്ലിലെ മിന്നും താരമായ പാണ്ഡെയ്്ക്ക് പക്ഷേ രണ്ട് അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളുടെ പരിചയസമ്പത്ത് മാത്രമേ ഉള്ളൂ. യുവരാജിന് കളിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അജിന്‍ക്യ രഹാനെ പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിക്കും എന്നാണ് കരുതുന്നത്. ഈ ലോകകപ്പില്‍ രഹാനെയ്ക്ക് ഇതുവരെ പ്ലെയിങ് ഇലവനില്‍ ഇടംകിട്ടിയിരുന്നില്ല.