ന്യൂസിലന്‍ഡിനെ തോല്‍പിക്കാന്‍ ആവില്ല ധോണീ.... അഞ്ചാം തോല്‍വി, നാണക്കേട്!
നാഗ്പൂര്‍: ട്വന്റി 20 ലോകകപ്പ് 2016 ല്‍ ആതിഥേയരായ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തുടക്കം. ഫേവറിറ്റുകള്‍ എന്ന് കരുതി ഇറങ്ങിയ ഇന്ത്യയെ ന്യൂസിലന്‍ഡ് 47 റണ്‍സിനാണ് തകര്‍ത്തുവിട്ടത്. താരതമ്യേന ചെറിയ വിജയലക്ഷ്യമായ 127 റണ്‍സിന് വേണ്ടി പാഡ് കെട്ടിയിറങ്ങിയ ഇന്ത്യയുടെ വിഖ്യാത ബാറ്റിംഗ് നിര കേവലം 79 റണ്‍സിന് ഓളൗട്ടായി. ആദ്യദിനം അവസാനിക്കുമ്പോള്‍ ന്യൂസിലന്‍ഡ് 2 പോയിന്റുമായി ഗ്രൂപ്പില്‍ മുന്നില്‍. ഇന്ത്യ ഏറ്റവും താഴെ.
ട്വന്റി 20 ക്രിക്കറ്റില്‍ ഇതുവരെയായി ന്യൂസിന്‍ഡിനെ തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് പറ്റിയിട്ടില്ല. അഞ്ചാം തവണയാണ് ഇന്ത്യ കീവീസിന് മുന്നില്‍ തോല്‍ക്കുന്നത്. സ്പിന്നിനെ അനുകൂലിക്കുന്ന നാഗ്പൂരിലെ പിച്ചില്‍ സ്പിന്നര്‍മാരെ കുത്തിനിറച്ചാണ് കീവിസ് ഇറങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌തെങ്കിലും കൂറ്റന്‍ സ്‌കോര്‍ കിട്ടിയില്ല. പക്ഷേ സ്പിന്നര്‍മാര്‍ പിച്ചിനെ ശരിക്കും മുതലെടുത്തു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആലസ്യം കൂടിയായതോടെ കീവിസിന് കാര്യങ്ങള്‍ എളുപ്പമായി. കളി വിശേഷങ്ങളിലേക്ക്...

ടോസ് ന്യൂസിലന്‍ഡിന്
സൂപ്പര്‍ ടെന്നിലെ ആദ്യമത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യ ഏഷ്യാകപ്പ് ജയിച്ച ടീമിനെ നിലനിര്‍ത്തിയപ്പോള്‍ കീവീസ് മൂന്ന് സ്പിന്നര്‍മാരെ ഇറക്കി. ടിം സൗത്തി, ബൗള്‍ട്ട്, മിച്ചല്‍ മക്ലനാഗന്‍ എന്നീ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ടീമില്‍ ഇടം കിട്ടിയില്ല.

ഒന്നാം പന്തില്‍ സിക്‌സ്, രണ്ടാം പന്തില്‍ ഔട്ട്
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അശ്വിനെ സിക്‌സറിന് പറത്തിയാണ് മാര്‍ട്ടിന്‍ ഗുപ്ടില്‍ തുടങ്ങിയത്. എന്നാല്‍ രണ്ടാം പന്തില്‍ പുറത്തായി. അതേ ഓവറില്‍ മുണ്‍റോയും അശ്വിനെ സിക്‌സറിന് പറത്തിയെങ്കിലും അധികം പിടിച്ചുനില്‍ക്കാനായില്ല. ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച.

രക്ഷകനായി ആന്‍ഡേഴ്‌സണ്‍
മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സനാണ് കീവിസിന് രക്ഷകനായത്. കോറി 34 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് റോഞ്ചി 24 റണ്‍സെടുത്തു. കീവിസിന്റെ സ്‌കോര്‍ 20 ഓവറില്‍ 7ന് 126.

ബൗളര്‍മാര്‍ തിളങ്ങി
പാണ്ഡ്യ ഒഴികെയുള്ള എല്ലാ ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തി. ഭുമ്രയുടെ ബൗളിംഗ് ശരിക്കും നിലവാരം പുലര്‍ത്തി. അശ്വിനും നെഹ്‌റയും റണ്‍ വഴങ്ങിയപ്പോള്‍ പാര്‍ട്ട് ടൈമറായി എത്തിയ റെയ്‌ന നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റെടുത്തു. ഇന്ത്യയുടെ ഫീല്‍ഡിങും മികച്ചതായിരുന്നു.

ധവാന്‍ തുടക്കമിട്ടു
അനാവശ്യമായ ഒരു സ്വീപ്പ് ഷോട്ട് കളിച്ച് ശിഖര്‍ ധവാനാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഒന്നാമത്തെ ഓവറില്‍ നഥാന്‍ മക്കുല്ലത്തിന് വിക്കറ്റ്. പിന്നാലെ രോഹിത് ശര്‍മയും പോയി. റെയ്‌നയും യുവരാജും കൂടി ഔട്ടായതോടെ ഇന്ത്യ ശരിക്കും പ്രതിസന്ധിയിലായി.

കോലി രക്ഷകനായില്ല
പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷകനാറുള്ള കോലി കൂടി വീണത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. മനോഹരമായ ചില ഷോട്ടുകള്‍ കളിച്ച കോലി 23 റണ്‍സാണ് അടിച്ചത്. കോലിയും ധോണിയും ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു.

ധോണി പതിവ് ശൈലിയില്‍
ക്രീസില്‍ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാനായിരുന്നു ധോണിയുടെ ശ്രമം. സ്‌കോര്‍ കൈവിട്ടു പോയി എന്നറിഞ്ഞ ശേഷം മാത്രം ചില കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചു. ഔട്ടാകുകയും ചെയ്തു. മറുവശത്ത് വിക്കറ്റുകള്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ ധോണിക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നതാണ് സത്യം. 30 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.

ബൗളിംഗിന് 100 മാര്‍ക്ക്
ഇന്ത്യയില്‍ വന്ന് ഇന്ത്യയെ ചുരുട്ടിക്കെട്ടിയ ന്യൂസിലന്‍ഡ് സ്പിന്നര്‍മാര്‍ക്ക് 100ല്‍ 100 മാര്‍ക്ക്. നെഹ്‌റ ഒഴികെയുളള മുഴുവന്‍ വിക്കറ്റുകളും സ്പിന്നര്‍മാര്‍ക്കായിരുന്നു. സോധിയും സാന്ത്‌നറും നഥാന്‍ മക്കുല്ലവും ശരിക്കും ഇന്ത്യയെ ഞെട്ടിച്ചുകളഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications