മൊഹാലി: വിരാട് കോലി അത്ര വലിയ കളിക്കാരനാണോ എന്നായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സന്റെ സംശയം. കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിലെ കോലിയുടെ പരാജയം ചൂണ്ടിക്കാണിച്ചായിരുന്നു ജോണ്‍സന്‍ ഇന്ത്യ - ഓസ്‌ട്രേലിയ മത്സരത്തിന് മുന്നേ വിരാട് കോലിയെ ചൊറിഞ്ഞത്. മിച്ചല്‍ ജോണ്‍സന് രാജകീയമായ മറുപടിയായിരുന്നു കോലി കരുതിവെച്ചിരുന്നത്. സംഭവം ഇങ്ങനെ.
ഓസ്ട്രേലിയയയെ ഇതിനുമുമ്പും നേരിട്ടിട്ടുണ്ടെന്നും ഇത്തരം മത്സരങ്ങള്‍ തന്നെ ശക്തനാക്കിയിട്ടേ ഉള്ളൂ എന്നും മത്സരത്തിന് മുമ്പായി വിരാട് കോലി പറഞ്ഞിരുന്നു. എന്നാല്‍ ഇതെനിക്ക് ഇഷ്ടപ്പെട്ടു. ഇതൊന്നും കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പില്‍ കണ്ടില്ലല്ലോ എന്നായിരുന്നു മിച്ചല്‍ ജോണ്‍സന്‍ കോലിക്ക് മറുപടിയായി ട്വിറ്ററില്‍ പറഞ്ഞത്. ലോകകപ്പ് സെമിയില്‍ ഒരു റണ്‍ എടുത്ത കോലിയെ ജോണ്‍സനാണ് പുറത്താക്കിയത്.

മിച്ചല്‍ ജോണ്‍സന്റെ വാക്കുകളോട് വിരാട് കോലി നാക്ക് കൊണ്ട് മറുപടി പറയാനൊന്നും നിന്നില്ല. മോഹാലിയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ബാറ്റ് കൊണ്ടായിരുന്നു കോലിയുടെ മറുപടി. വിരാട് കോലിയുടെ അപരാജിത 82 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ സെമിയിലേക്ക് കടന്നപ്പോള്‍ ഓസ്‌ട്രേലിയ പുറത്തായി. ട്വന്റി 20യിലെ മഹത്തായ ഒരിന്നിംഗ്‌സോടെയാണ് കോലി ഓസ്‌ട്രേലിയയെ തോല്‍പിച്ചുവിട്ടത്.
വിരാട് കോലിയുടെ ബാറ്റിംഗ് കണ്ട് മിച്ചല്‍ ജോണ്‍സന് പോലും കണ്ണ് തള്ളിപ്പോയി. ഇത്തവണ വിരാട് കോലി അവസരത്തിനൊത്ത് ഉയര്‍ന്നു എന്നാണ് കളിക്ക് ശേഷം മിച്ചല്‍ ജോണ്‍സന്‍ ട്വീറ്റ് ചെയ്തത്. വിരാട് കോലി ടൂ ഗുഡ് ആണെന്നും ജോണ്‍സന് അഭിപ്രായമുണ്ട്. താന്‍ നടത്തിയ ചെറിയൊരു അഭിപ്രായ പ്രകടനം ഇത്തരമൊരു പ്രതികരണം ഉണ്ടാക്കിയല്ലോ എന്നും ജോണ്‍സന്‍ അത്ഭുതപ്പെടുന്നുണ്ട്.