മുംബൈ: ട്വന്റി 20 ലോകകപ്പിന്റെ ആറാം എഡിഷന്‍ അത്യാവേശപൂര്‍വ്വം മുന്നോട്ട് പോകുകയാണ്. മിക്കവാറും ടീമുകള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞു. എന്നിട്ടും സെമി ഫൈനല്‍ ഉറപ്പിക്കാന്‍ പറ്റിയത് വെറും രണ്ടേ രണ്ട് ടീമുകള്‍. ഗ്രൂപ്പ് ഒന്നില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസും. ഗ്രൂപ്പ് രണ്ടില്‍ നിന്നും ന്യൂസിലന്‍ഡും. പുറത്തായത് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍.
സെമി ഫൈനലിലേക്ക് ബാക്കിയുള്ള രണ്ട് സ്ഥാനങ്ങള്‍ക്ക് വേണ്ടി പൊരുതുന്നത് അഞ്ച് ടീമുകളാണ്. ഗ്രൂപ്പ് രണ്ടില്‍ നിന്നും ഇന്ത്യയും ഓസ്‌ട്രേലിയയും, ഗ്രൂപ്പ് ഒന്നില്‍ നിന്നും ശ്രീലങ്കയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും സെമി സാധ്യതയും കൊണ്ട് നടക്കുന്നവരാണ്. ഇതില്‍ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ഓരോ ജയം മാത്രം മതി. ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കും ബാക്കിയുള്ള ഓരോ കളി ജയിക്കുകയും വേണം, റണ്‍റേറ്റ് കനിയുകയും വേണം.

മുന്‍ചാമ്പ്യന്മാരും ആതിഥേയരുമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ നേരെ വാ നേരെ പോ എന്ന മട്ടാണ്. അധികം ആലോചിക്കാന്‍ ഒന്നുമില്ല. ഞായറാഴ്ച മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പിക്കുക. അത് മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ഏക കളി. ഇന്ത്യയ്ക്ക് മുന്നിലുള്ള വഴിയും ഇത് തന്നെ. ജയിച്ചാല്‍ അകത്ത്. തോറ്റാല്‍ പുറത്ത്. മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി 4 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. നെറ്റ് റണ്‍റേറ്റ് വളരെ മോശം.
Read Also: മിന്നല്‍ സ്റ്റംബിങും ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പിച്ച ഓട്ടവും... ധോണി ഫാന്‍സിന്റെ ട്രോളുകള്‍ കാണൂ...
ഓസ്‌ട്രേലിയയുടെ കാര്യവും ഇന്ത്യയുടെ പോലെ തന്നെ, ജയിച്ചാല്‍ ഇന്‍. തോറ്റാല്‍ ഔട്ട്. ഇന്ത്യയെ പോലെ തന്നെ മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു തോല്‍വിയും. ഇന്ത്യയെക്കാള്‍ മികച്ച റണ്‍റേറ്റ് ഉണ്ട്. മഴയോ മറ്റെന്തെങ്കിലും തടസ്സമോ മൂലം കളി നടക്കാതിരുന്നാല്‍ റണ്‍റേറ്റിന്റെ ബലത്തില്‍ ഓസ്‌ട്രേലിയ സെമിഫൈനലില്‍ കടക്കും. സെമിയില്‍ കടന്നാല്‍ വെസ്റ്റ് ഇന്‍ഡീസായിരിക്കും ഇന്ത്യയുടെ എതിരാളികള്‍.