മുംബൈ: ട്വന്റി 20 ലോകകപ്പിന് മുമ്പായി നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരിശീലന മത്സരത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ കുപ്പായത്തിന്റെ കോളറില്‍ പിടിച്ച ഫോട്ടോ കണ്ട് ആളുകള്‍ ഞെട്ടിയിരുന്നു. എന്നാല്‍ ബ്രാവോ ധോണിയോട് തമാശ കളിച്ചതാണ് എന്ന് പിന്നീടാണ് ആളുകള്‍ക്ക് മനസിലായത്.
Read Also: മിന്നല്‍ സ്റ്റംബിങും ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പിച്ച ഓട്ടവും... ധോണി ഫാന്‍സിന്റെ ട്രോളുകള്‍ കാണൂ...
ഐ പി എല്ലില്‍ ഏറെക്കാലം ധോണിയോടൊപ്പം കളിച്ചിട്ടുള്ള ഡ്വെയ്ന്‍ ബ്രാവോയുടെ ഒരു തമാശയായിരുന്നു അത്. കളിക്കളത്തിലും പുറത്തും ഇത്തരം തമാശകള്‍ ഒപ്പിക്കുന്നതില്‍ മിടുക്കരാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍. അവരില്‍ പ്രമുഖനാണ് ബ്രാവോ. മുംബൈയില്‍ ലോകകപ്പ് സെമിഫൈനല്‍ കളിക്കുന്നതിന്റെ തൊട്ടുതലേന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെ വെല്ലുവിളിച്ചിരിക്കുകയാണ് ഡ്വെയ്ന്‍ ബ്രാവോ.

ധോണിയെ മാത്രമല്ല ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെയും ബ്രാവോ വെല്ലുവിളിക്കുന്നുണ്ട്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ബ്രാവോയുടെ വെല്ലുവിളി. ഇന്ത്യയെ സെമിഫൈനലില്‍ തോല്‍പിക്കും എന്നോ മറ്റോ ആണ് ബ്രാവോയുടെ വെല്ലുവിളി എന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി, തന്റെ ചാമ്പ്യന്‍സ് ഡാന്‍സ് കളിച്ച് തോല്‍പിക്കാന്‍ പറ്റുമോ എന്നാണ് ധോണിയെയും ഹര്‍ഭജനെയും ബ്രാവോ വെല്ലുവിളിക്കുന്നത്.
എം എസ് ധോണി, ധോണിയുടെ മകള്‍ സിവ, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയും ബ്രാവോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ബ്രാവോയുടെ ചാമ്പ്യന്‍ ഡാന്‍സ് ലോകകപ്പില്‍ വലിയ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഓരോ മത്സരം ജയിച്ചശേഷവും വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഈ പാട്ടിനൊപ്പം ചുവട് വെക്കുന്നത് കാണാം. ബുധനാഴ്ച ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും മുംബൈയില്‍ ഏറ്റുമുട്ടും.