സമീപകാലത്ത് ഏറ്റവും കൂടുതല്‍ മെച്ചപ്പെട്ട ക്രിക്കറ്റ് ടീം ഏത്. ട്വന്റി 20 ലോകകപ്പിലെ ഇതുവരെയുളള കളികള്‍ കണ്ട ആരും പറയും, അഫ്ഗാനിസ്ഥാന്‍ എന്ന്. കൂറ്റനടിക്ക് കഴിവുള്ള ബാറ്റ്‌സ്മാന്‍മാര്‍, നിലവാരമുള്ള ഫാസ്റ്റ് ബൗളര്‍മാര്‍, നല്ല ക്ലാസ് സ്പിന്നര്‍മാര്‍ - ഇതാണ് അഫ്ഗാനിസ്ഥാന്‍ ടീമിന്റെ കോംപിനേഷന്‍. കഴിഞ്ഞില്ല, പിന്നെ ഒരു കോച്ചും. ആ കോച്ചാണ് ശരിക്കുള്ള താരം. മറ്റാരുമല്ല, മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖ്.
ഇന്‍സമാമിന്റെ കോച്ചിങിന്റെ ആരാധകരില്‍ അഫ്ഗാന്‍ താരങ്ങളും കാണികളും മാത്രമല്ല മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമുണ്ട്. ഇന്‍സിയുടെ കോച്ചിങ് വളരെ വ്യത്യസ്തമാണ് എന്ന അഭിപ്രായമാണ് ഗാംഗുലിക്കുള്ളത്. വലിയ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഒരാള്‍ക്ക് മാത്രം കഴിയുന്നതാണ് അത്. കളിക്കാരനെന്ന നിലയില്‍ ഇന്‍സിയുടെ അനുഭവ പരിചയം കോച്ചിങിലും കാണാം. ഗാംഗുലി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് എന്ന് അഫ്ഗാനിസ്ഥാന്റെ പ്രോഗ്രസ് കാര്‍ഡ് കണ്ടാലറിയാം.

യോഗ്യതാ റൗണ്ടില്‍ സ്‌കോട്‌ലന്‍ഡിനെയും ഹോളണ്ടിനെയും തോല്‍പിച്ചാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന് യോഗ്യത നേടിയത്. അവസാന മത്സരത്തില്‍ സിംബാബ്‌വെ ആയിരുന്നു അഫ്ഗാന് എതിരാളികള്‍. ജയിക്കുന്നവര്‍ ലോകകപ്പ് കളിക്കും എന്ന നിലയിലായിരുന്നു ഇരുടീമുകളും. നിര്‍ണായക മത്സരത്തില്‍ സിംബാബ്‌വെയെ അഫ്ഗാനിസ്ഥാന്‍ 59 റണ്‍സിനാണ് തകര്‍ത്തത്.
സൂപ്പര്‍ ടെന്നിലെ ആദ്യ കളിയില്‍ ശ്രീലങ്കയ്‌ക്കെതിരെ തോറ്റെങ്കിലും ഈ ടീമിനെ എഴുതിത്തള്ളാനൊന്നും ഇന്‍സമാം തയ്യാറല്ല. അഫ്ഗാന്‍ ടീമിന്റെ പുരോഗതിയില്‍ ഏറെ അഭിമാനിക്കുന്നു എന്നാണ് ഇന്‍സി പറയുന്നത്. കുറച്ചുകൂടി പരിചയസമ്പത്തായാല്‍ ഈ ടീം അത്ഭുതങ്ങള്‍ കാട്ടുമെന്നും കോച്ച് പ്രതീക്ഷിക്കുന്നു. ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായി, മുഹമ്മദ് നബി, സാമിയുള്ള ഷെന്‍വാരി തുടങ്ങിയ താരങ്ങളാണ് ടീമിന്റെ നട്ടെല്ല്.