ധരംശാല: ഓപ്പണര്‍ തമീം ഇഖ്ബാലിന്റെ തട്ടുപൊളിപ്പന്‍ സെഞ്ചുറിയുടെ മികവില്‍ ബംഗ്ലാദേശിന് ജയം. ഒമാനെതിരെ നേടിയ ഉജ്വല ജയത്തോടെ ബംഗ്ലാദേശ് ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ യോഗ്യതയും നേടി. ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലേക്കാണ് ബംഗ്ലാദേശ് എത്തിയത്. ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഗ്രൂപ്പായി ബംഗ്ലാദേശ് കൂടി എത്തിയതോടെ ഗ്രൂപ്പ് 2. ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ സെമി ഫൈനലിലെത്തും.
യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഒമാനും ബംഗ്ലാദേശും അവസാനത്തെ കളിക്കിറങ്ങിയത്. ജയിക്കുന്ന ആള്‍ അകത്ത്. തോല്‍ക്കുന്ന ആള്‍ പുറത്ത്. ഇതായിരുന്നു അവസ്ഥ. ടോസ് നേടിയ ഒമാന്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. കളിയില്‍ ഒമാന് പറയാനുള്ളത് ഈ ടോസ് നേട്ടം മാത്രമായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ബംഗ്ലാദേശ് ജയവും ലോകകപ്പ് ബര്‍ത്ത് സീറ്റും സ്വന്തമാക്കിയത്.

തമീം ഇഖ്ബാലും സൗമ്യ സര്‍ക്കാറും ചേര്‍ന്ന് കലക്കന്‍ തുടക്കമാണ് ബംഗ്ലാദേശിന് നല്‍കിയത്. 12 റണ്‍സെടുത്ത സര്‍ക്കാര്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ ഏഴാമത്തെ ഓവറില്‍ 42. പിന്നാലെ വന്ന സാബിര്‍ റഹ്മാനും ഷക്കീബ് അല്‍ ഹസനും കൂടി താളത്തിലായതോടെ ബംഗ്ലാ സ്‌കോര്‍ 180 ലെത്തി. സാബിര്‍ 44ഉം ഷക്കീബ് പുറത്താകാതെ 17 ഉം റണ്‍സെടുത്തു. 63 പന്തില്‍ 10 ഫോറും 5 സിക്‌സും സഹിതമാണ് തമീമിന്റെ സെഞ്ചുറി. ട്വന്റി 20യില്‍ ഇതാദ്യമായിട്ടാണ് ഒരു ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ സെഞ്ചുറിയടിക്കുന്നത്.
സ്‌കോര്‍ 1 ല്‍ നില്‍ക്കേ ഒമാന് ആദ്യ വിക്കറ്റ് പോയി. റണ്‍സൊന്നുമെടുക്കാതെ സീഷന്‍ മഖ്‌സൂദ് ഔട്ട്. എട്ട് റണ്‍സെടുത്ത ഖാവര്‍ അലിയാണ് അടുത്തതായി പോയത്. ഈ തകര്‍ച്ചയില്‍ നിന്നും ഒമാന്‍ ഒരിക്കലും കരകയറിയതേ ഇല്ല. തട്ടിയും മുട്ടിയും 65 റണ്‍സിലെത്താനേ അവര്‍ക്ക് പറ്റിയുള്ളൂ. ബംഗ്ലാദേശിന് 54 റണ്‍സിന്റെ ജയം. ഷക്കീബ് അല്‍ ഹസന്‍ മൂന്നോവറില്‍ 15 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി.