ബെംഗളൂരു: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് 2 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ജയം. പരിക്കും വിലക്കും മൂലം തളര്‍ന്നുപോയ ബംഗ്ലാദേശിനെതിരെ വെറും മൂന്ന് വിക്കറ്റിന് ജയിക്കാനേ ഏകദിനത്തിലെ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞുള്ളൂ. ഐ സി സി വിലക്ക് മൂലം ടസ്‌കിന്‍ അഹമ്മദ്, അറാഫത്ത് സണ്ണി എന്നിവരെ നഷ്ടപ്പെട്ട ബംഗ്ലാദേശിന് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാലിന്റെ സേവനവും കിട്ടിയില്ല. അസുഖമാണ് തമീമിന് വിനയായത്.
ബെംഗളൂരു ചിന്നസ്വാമിയിലെ ബാറ്റിംഗ് ട്രാക്കില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തമീമിന്റെ അഭാവത്തില്‍ തിളങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന സൗമ്യ സര്‍ക്കാര്‍ വെറും 1 റണ്‍സിന് പുറത്തായി. ഇവിടെനിന്നും പതിയെ പതിയെ പിടിച്ചുകയറിയ ബംഗ്ലാദേശ് അവസാന ഓവറുകളില്‍ മഹ്മദുള്ള നടത്തിയ കടന്നാക്രമണത്തിന്റെ പിന്‍ബലത്തിലാണ് സ്‌കോര്‍ 156 ല്‍ എത്തിച്ചത്. 29 പന്തില്‍ 7 ഫോറും 1 സിക്‌സും സഹിതം മഹ്മദുള്ള 49 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ഉസ്മാന്‍ ഖ്വാജയുടെ അര്‍ധസെഞ്ചുറിയാണ് ഓസ്‌ട്രേലിയയ്ക്ക് കരുത്തായത്. ഷെയ്ന്‍ വാട്‌സന്‍ 21 റണ്‍സെടുത്തു. 62 റണ്‍സില്‍ ഒന്നാം വിക്കറ്റ് വീണതോടെ ഓസീസിന്റെ നില പരുങ്ങലിലായിരുന്നു. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ തുരുതുരാ വീണു. 15 പന്തില്‍ 2 സിക്‌സടക്കം 26 റണ്‍സെടുത്ത മാക്‌സ് വെല്ലാണ് ഈ അവസരത്തില്‍ ഓസീസിന് രക്ഷകനായി എത്തിയത്. 9 പന്തും 3 വിക്കറ്റുകളും ബാക്കിയാക്കി ഓസ്‌ട്രേലിയ കളി രക്ഷിച്ചെടുക്കുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത ഓസീസ് സ്പിന്നര്‍ ആദം സാംപയാണ് മാന്‍ ഓഫ് ദ മാച്ച്.