ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ചേര്‍ന്ന് തോല്‍പ്പിച്ചു; വിരാട് കോലി ലോകകപ്പിന് പുറത്ത്!
മുംബൈ: 5 കളിയില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം 273 റണ്‍സ്. ബാറ്റിംഗ് ശരാശരി 136.5. സ്വപ്‌നം പോലെ ബാറ്റ് ചെയ്യുന്ന വിരാട് കോലിയെ തോല്‍പിക്കാന്‍ എതിരാളികളായ വെസ്റ്റ് ഇന്‍ഡീസ് മാത്രം പോരായിരുന്നു മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍. സ്വന്തം ടീമായ ഇന്ത്യ കൂടി ഇക്കാര്യത്തില്‍ വിന്‍ഡീസിനെ അകമഴിഞ്ഞു സഹായിച്ചപ്പോള്‍ സെമിഫൈനലില്‍ വിരാട് കോലിയുടെ 89 നോട്ടൗട്ട് പാഴായി. 7 വിക്കറ്റ് ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് ഫൈനലില്‍.
ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. മെച്ചപ്പെട്ട ബാറ്റിംഗായിരുന്നു ഇന്ത്യയുടേത്. ഓപ്പണര്‍മാര്‍ 7.2 ഓവറില്‍ 62 റണ്‍സ് ചേര്‍ത്തു. ആകെ സ്‌കോര്‍ 192. എന്നാല്‍ ഗെയ്‌ലിനെയും സാമുവല്‍സിനെയും തുടക്കത്തിലേ കിട്ടിയതിന്റെ ആനുകൂല്യം മുഴുവന്‍ ബൗളര്‍മാര്‍ കളഞ്ഞുകുളിച്ചു. രണ്ട് തവണ നോബോളില്‍ വിക്കറ്റ് പോയ ലെന്‍ഡല്‍ സിമ്മണ്‍സ് പുറത്താകാതെ 82 റണ്‍സെടുത്ത് മാന്‍ ഓഫ് ദ മാച്ചായി.

രോഹിത് കത്തിക്കയറി
ആദ്യ രണ്ടോവറില്‍ പതുങ്ങിനിന്ന രോഹിത് ശര്‍മ മൂന്നാം ഓവറില്‍ കെട്ടുപൊട്ടിച്ചു. 31 പന്തില്‍ 3 വീതം സിക്‌സും ഫോറുമായി 43 റണ്‍സെടുത്ത ശര്‍മ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 7.2 ഓവറില്‍ 62 റണ്‍സ്

ധവാന് പകരം രഹാനെ
ഫോമിലല്ലാത്ത ശിഖര്‍ ധവാന് പകരം എത്തിയ അജിന്‍ക്യ രഹാനെയും മോശമാക്കിയില്ല. 35 പന്തില്‍ 40 റണ്‍സ്. എന്നാല്‍ മുംബൈയിലെ ബാറ്റിംഗ് ട്രാക്ക് കണക്കിലെടുക്കുമ്പോള്‍ രഹാനെ കുറച്ച് കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്യണമായിരുന്നു എന്ന് കളിക്ക് ശേഷം തോന്നി. ഇന്ത്യന്‍ ടോട്ടല്‍ 20 റണ്‍സോളം കുറഞ്ഞുപോയി.

വിരാട് കോലി വീണ്ടും
വെറും 47 പന്തിലായിരുന്നു ഇത്തവണ വിരാട് കോലിയുടെ 89 റണ്‍സ്. 11 ഫോറും 1 സിക്‌സും. കോലി ഓടിയെടുത്തത് 39 റണ്‍സ്. സ്വപ്‌നതുല്യമായ ഫോമില്‍ തുടരുന്ന കോലി അവസാന ഓവറുകളില്‍ ശരിക്കും കത്തിക്കയറി.

ഗെയ്‌ലിനെ വീഴ്ത്തി
രണ്ടാമത്തെ ഓവറിലെ ഒന്നാം പന്തില്‍ ഉജ്വലമായ ഒരു പന്തിലൂടെ ജസ്പ്രീത് ഭുമ്ര ക്രിസ് ഗെയ്‌ലിനെ പുറത്താക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. തൊട്ടുപിന്നാലെ നെഹ്‌റ സാമുവല്‍സിനെയും വീഴ്ത്തിയതോടെ ഇന്ത്യ ജയത്തിന്റെ പാതയിലെന്ന് തോന്നിപ്പിച്ചു.

സിമ്മണ്‍സ് വരുന്നു
സാമുവല്‍സ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ലെന്‍ഡല്‍ സിമ്മണ്‍സാണ് 82 റണ്‍സെടുത്ത് ഇന്ത്യയെ തോല്‍പിച്ചത്. ഇടയ്ക്ക് അശ്വിന്റെയും പാണ്ഡ്യയുടെയും നോബോളുകളില്‍ സിമ്മണ്‍സ് ക്യാച്ച് നല്‍കിയെങ്കിലും ഭാഗ്യം രക്ഷിച്ചു.

ചാള്‍സും അടിച്ചുതകര്‍ത്തു
36 പന്തില്‍ 52 റണ്‍സായിരുന്നു ജോണ്‍സന്‍ ചാള്‍സിന്റെ സംഭാവന. ആന്‍ഡ്രെ റസല്‍ 20 പന്തില്‍ പുറത്താകാതെ 43 റണ്‍സടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications