
ഹര്‍ദീക് പാണ്ഡ്യ രക്ഷകനായി
ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയെങ്കിലും അവസാന മൂന്ന് പന്തുകളില്‍ മൂന്ന് വിക്കറ്റുമായി ഹര്‍ദീക് പാണ്ഡ്യയാണ് ഇന്ത്യയെ രക്ഷിച്ചത്. 11 റണ്‍സ് വേണ്ട അവസാന ഓവറില്‍ 2 ബൗണ്ടറികളാണ് പാണ്ഡ്യ വഴങ്ങിയത്. 3 ഓവറില്‍ 29 റണ്‍സാണ് പാണ്ഡ്യ കൊടുത്തു. 7 പന്തില്‍ രണ്ട് ഫോറും 1 സിക്‌സും സഹിതം 15 റണ്‍സെടുത്ത് ബാറ്റിംഗിലും സംഭാവന നല്‍കാന്‍ പാണ്ഡ്യയ്ക്ക് കഴിഞ്ഞു.

മുഷ്ഫിക്കര്‍ റഹീമിന് ഉറങ്ങാന്‍ പറ്റില്ല
1999 ലോകകപ്പില്‍ ലാന്‍സ് ക്ലൂസ്‌നര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ചതാണ് മുഷ്ഫിക്കറെ കണ്ടാല്‍ ഓര്‍മ വരിക. 10 റണ്‍സ് വേണ്ട ഓവറില്‍ 2 ഫോര്‍ അടിച്ച് ആഘോഷും നടത്തി. പക്ഷേ നിര്‍ണായകമായ നാലാം പന്തില്‍ വിക്കറ്റ് തുലച്ചു. ഉയര്‍ത്തിയടിക്കാന്‍ നോക്കിയ പന്ത് ധവാന്‍ ക്യാച്ച് ചെയ്തു.

മഹമ്മദുള്ളയ്ക്ക് സഹിക്കുമോ
ഇതോടെ സ്‌ട്രൈക്ക് മഹമ്മദുള്ളയ്ക്ക് കിട്ടി. രണ്ട് പന്തില്‍ 2 റണ്‍സായിരുന്നു അപ്പോള്‍ വേണ്ടത്. സിക്‌സ് പറത്തി കളി തീര്‍ക്കാമെന്ന മഹമ്മദുള്ളയുടെ മോഹം ബൗണ്ടറില ലൈനില്‍ ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെ അവസാനിച്ചു. ബംഗ്ലാദേശിന് ജയിക്കാന്‍ അവസാന പന്തില്‍ 2 റണ്‍സ് എന്നായി ഇതോടെ.

ധോണിയുടെ സ്റ്റംബിങ്
അവസാന പന്തില്‍ ഗ്ലൗസ് പോലും ഇല്ലാതെയാണ് ധോണി കീപ്പ് ചെയ്തത്. ഹോം മിസ് ചെയ്ത പന്ത് ഓടിയെത്തിയ ധോണി സ്റ്റംപില്‍ കൊള്ളിക്കുമ്പോള്‍ മുസ്താഫിസുര്‍ രണ്ടിഞ്ച് പുറത്ത്. ഒരേ ഒരു റണ്‍സിന് ബംഗ്ലാദേശ് കളിയും തോറ്റു. ഇത് കൂടാതെ രണ്ട് സ്റ്റംപിങ്ങുകള്‍ ധോണി വേറെയും നടത്തിയിരുന്നു.

സര്‍ ജഡേജയാണ് താരം
ബാറ്റിംഗില്‍ നിര്‍ണായക സമയത്ത് രണ്ട് ബൗണ്ടറി. ബൗളിംഗില്‍ 4 ഓവറില്‍ 22 റണ്‍സിന് 2 വിക്കറ്റുകള്‍. തകര്‍പ്പന്‍ ഫീല്‍ഡിങ്. അവസാന ഓവറിലെ നിര്‍ണായക നിമിഷം തട്ടുതകര്‍പ്പന്‍ ഒരു ക്യാച്ച്. രവീന്ദ്ര ജഡേജ ശരിക്കും തകര്‍ക്കുകയായിരുന്നു ബെംഗളൂരുവില്‍.

മാന്‍ ഓഫ് ദ മാച്ച് അശ്വിന്‍
4 ഓവറില്‍ 20 റണ്‍സിന് 2 വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്. മൂന്നാം ഓവറിലും പതിമൂന്നാം ഓവറിലും അശ്വിന്‍ നിര്‍ണായ ബ്രേക് ത്രൂകള്‍ നല്‍കി. ബാറ്റിംഗില്‍ 2 പന്തില്‍ 5 റണ്‍സെടുത്തു. പക്ഷേ ഒരു ക്യാച്ച് കൈവിട്ടു.

ഭുമ്രയുടെ ആ ഒരു ഓവര്‍
ക്യാച്ച് കളഞ്ഞും മിസ് ഫീല്‍ഡ് ചെയ്തും ഒരോവറില്‍ 16 റണ്‍സ് വഴങ്ങിയും ജസ്പ്രീത് ഭുമ്ര ഇന്ത്യയുടെ തലവേദന ആയിരുന്നു. പക്ഷേ പത്തൊമ്പതാം ഓവറില്‍ എണ്ണം പറഞ്ഞ യോര്‍ക്കറുകള്‍ എറിഞ്ഞ ഭുമ്ര ആകെ വഴങ്ങിയത് 6 റണ്‍സ്. ഇതോടെ കളി ഇന്ത്യയുടെ വരുതിയിലേക്ക് വന്നു

തമീം ഇഖ്ബാല്‍ ഞെട്ടിച്ചു
തുടക്കത്തിലേ ലൈഫ് കിട്ടിയ തമീം തകര്‍പ്പന്‍ ഷോട്ടുകളിലൂടെ ഇന്ത്യയെ വിറപ്പിച്ചു. 32 പന്തില്‍ തമീം 35 റണ്‍സെടുത്തു. സാബിര്‍ റഹ്മാന്‍ 26ഉം ഷക്കീബ് 22ഉം സൗമ്യ സര്‍ക്കാര്‍ 21ഉം റണ്‍സടിച്ച് ബംഗ്ലാ പോരാട്ടത്തിന് ആവേശം പകര്‍ന്നു.

റെയ്‌ന ഫോമിലേക്ക്
തുടക്കത്തില്‍ ടൈമിങ് തീരെ നന്നായിരുന്നില്ലെങ്കിലും മികച്ച കുറച്ച് ഷോട്ടുകള്‍ കളിക്കാന്‍ സുരേഷ് റെയ്‌നയ്ക്ക് പറ്റി. 23 പന്തില്‍ 30 റണ്‍സെടുത്ത റെയ്‌നയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ബാറ്റിംഗ് യൂണിറ്റ്
സ്ലോ ആയിരുന്നെങ്കിലും ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം കിട്ടി. ആറോവറില്‍ 42 റണ്‍സ്. രോഹിത് 18ഉം ധവാന്‍ 23ഉം കോലി 24ഉം റണ്‍സുകള്‍ എടുത്തത് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. വേഗം കുറഞ്ഞ വിക്കറ്റില്‍ ഭാഗ്യം കൂടി തുണച്ചതോടെ ഇന്ത്യ 1 റണ്ണിന് ജയിച്ചു.

അടുത്ത കളി ജയിക്കണം
അടുത്ത കളിയില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാല്‍ സെമി കളിക്കാം. റൺ റേററ് മോശമായതിനാൽ തോറ്റാൽ ഇന്ത്യ പുറത്താകും.


Click it and Unblock the Notifications











