ദില്ലി: ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടത്താന്‍ തീരുമാനിച്ചു. ധര്‍മശാലയില്‍ സുരക്ഷാപ്രശ്‌നം ഉണ്ടെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഐസിസി വേദിമാറ്റാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടത്.
പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവി ഉസ്മാന്‍ അന്‍വറും, ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക പ്രതിനിധി അജ്മല്‍ ഖാനടക്കമുള്ളവര്‍ കഴിഞ്ഞദിവസം ധര്‍മശാലയിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, പ്രദേശത്ത് മതിയായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടെന്ന് കണ്ടെത്തിയതോടെ വേദി മാറ്റുകയായിരുന്നു.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാണ് ഇന്ത്യാ പാക്കിസ്ഥാന്‍ മത്സരത്തില്‍ സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആദ്യം അറിയിച്ചത്. വിമുക്തഭടന്മാരുടെ പ്രതിഷേധമുണ്ടാകുമെന്നും സുരക്ഷപ്രശ്‌നമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, സുരക്ഷയൊരുക്കുന്നതില്‍ തടസമില്ലെന്ന് പിന്നീട് അദ്ദേഹം പറയുകുയും ചെയ്തു.
ഇതോടെയാണ് സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് അയച്ചത്. ജില്ലാ ഭരണകൂടവുമായും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും സുരക്ഷാ ഉദ്യോഗസ്ഥരുമായും പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അതൃപ്ത് അറിയിക്കുകയായിരുന്നു.