ഇംഗ്ലണ്ട്-വിന്‍ഡീസ് കളിയില്‍ പിറന്നത് 3 ലോക റെക്കോര്‍ഡുകള്‍!! സിക്‌സര്‍ കിങായി യൂനിവേഴ്‌സല്‍ ബോസ്...

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മില്‍ കഴിഞ്ഞ ദിവസം ബാര്‍ബഡോസില്‍ നടന്ന ഏകദിനത്തില്‍ ലോക റെക്കോര്‍ഡുകള്‍ വഴി മാറി. മൂന്നു ലോക റെക്കോര്‍ഡുകളാണ് ഈ കളിയില്‍ കുറിക്കപ്പെട്ടത്. റണ്‍മഴ കണ്ട പോരാട്ടത്തില്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിന് വിന്‍ഡീസിനെ തകര്‍ത്തുവിട്ടിരുന്നു.
എന്നാല്‍ മൂന്നു ലോക റെക്കോര്‍ഡുകളും കുറിച്ചത് വിന്‍ഡീസായിരുന്നു. ഇതിഹാസതാരം ക്രിസ് ഗെയ്ല്‍ തീപ്പൊരി സെഞ്ച്വറിയുമായി കളം നിറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ടീമിനെ രക്ഷിച്ചില്ല. കളിയില്‍ പിറന്ന ലോക റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നു നോക്കാം.
ഒരു ടീമിനെതിരേ 100 സിക്‌സറുകള്‍
ഏകദിനത്തില്‍ ഒരു ടീമിനെതിരേ സിക്‌സറില്‍ സെഞ്ച്വറി തികച്ച ആദ്യ താരമെന്ന ലോക റെക്കോര്‍ഡിന് ഗെയ്ല്‍ അവകാശിയായി. മല്‍സരത്തിനു മുമ്പ് ഒരു ടീമിനെതിരേ കൂടുതല്‍ സിക്‌സറുകളെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പേരിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ 89 സിക്‌സറുകളാണ് ഹിറ്റ്മാന്‍ നേടിയത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരേ രണ്ടാം സിക്‌സര്‍ നേടിയതോടെ ഗെയ്ല്‍ രോഹിത്തിനെ പിന്തള്ളി. അതുകൊണ്ടും അദ്ദേഹം നിര്‍ത്തിയില്ല. സിക്‌സര്‍ മഴ തന്നെയാണ് പിന്നീട് കണ്ടത്. 12 സിക്‌സറുകളാണ് കളിയില്‍ ഗെയ്ല്‍ വാരിക്കൂട്ടിയത്.

വിന്‍ഡീസിനും അഭിമാനിക്കാം
ഇംഗ്ലണ്ടിനെതിരേ ജയം കൈവിട്ടുപോയെങ്കിലും വിന്‍ഡീസ് ടീമിന് അഭിമാനിക്കാവുന്ന റെക്കോര്‍ഡാണിത്. ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ ടീമെന്ന ലോക റെക്കോര്‍ഡ് വിന്‍ഡീസ് തങ്ങളുടെ പേരിലാക്കി. 23 സിക്‌സറുകളാണ് വിന്‍ഡീസിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഇതില്‍ 12ഉം ഗെയ്‌ലിന്റെ വകയായിരുന്നു.
ന്യൂസിലാന്‍ഡിന്റെ പേരിലായിരുന്ന 22 സിക്‌സറുകളെന്ന ലോക റെക്കോര്‍ഡാണ് വിന്‍ഡീസ് തകര്‍ത്തത്. 2014ല്‍ വിന്‍ഡീസിനെതിരേ കോറി ആന്‍ഡേഴ്‌സന്‍ 14 സിക്‌സറുകള്‍ വാരിക്കൂട്ടിയ കളിയിലാണ് കിവീസ് 22 സിക്‌സറുകളുമായി റെക്കോര്‍ഡിട്ടത്.
അഫ്രീഡിയെ പിന്തള്ളി ഗെയ്ല്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരമെന്ന ലോക റെക്കോര്‍ഡിന് ഗെയ്ല്‍ അര്‍ഹനായി. ആറു മാസങ്ങള്‍ക്കു ശേഷം ഗെയ്ല്‍ കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരേയുള്ളത്. ഈ കളിക്കു മുമ്പ് പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡിക്കൊപ്പം 476 സിക്‌സറുകളുമായി ലോക റെക്കോര്‍ഡ് പങ്കിടുകയായിരുന്നു അദ്ദേഹം.
ഇംഗ്ലണ്ടിനെതിരേ 15ാം ഓവറില്‍ മോയിന്‍ അലിയുടെ ബൗളിങില്‍ ആദ്യ സിക്‌സര്‍ നേടിയതോടെ ഗെയ്ല്‍ അഫ്രീഡിയെ മറികടന്നു. പിന്നീട് 11 സിക്‌സറുകള്‍ കൂടി നേടിയ ഗെയ്ല്‍ തന്റെ സിക്‌സര്‍ സമ്പാദ്യം 488 ആക്കി ഉയര്‍ത്തുകയും ചെയ്തു.
ഏകദിനത്തില്‍ 287 സിക്‌സറുകളും ടി20യില്‍ 103 സിക്‌സറുകളും ടെസ്റ്റില്‍ 98 സിക്‌സറുകളും ഗെയ്‌ലിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications