മുംബൈ: തന്റെ സ്വന്തം രാജ്യം എവിടെയെങ്കിലും തോല്‍ക്കണം എന്ന് ആരെങ്കിലും ആഗ്രഹിക്കുമോ... അതിപ്പോള്‍ കളിയിലാണെങ്കിലും യുദ്ധത്തിലാണെങ്കിലും? എന്നാല്‍ അങ്ങനെ ആഗ്രഹിക്കുന്ന ഒരാളുണ്ട് നമ്മുടെ നാട്ടില്‍. കക്ഷി ഒരു സെലിബ്രിറ്റിയാണ് കെട്ടോ.
നമ്മുടെ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ തന്നെ. ഇന്ത്യ ലോകത്തുള്ള എല്ലാ ക്രിക്കറ്റ് ടീമുകളും തോല്‍പിക്കണം അങ്ങനെ ഇന്ത്യ ക്രിക്കറ്റ് കളി തന്നെ നിര്‍ത്തണം എന്നാണ് വര്‍മയുടെ അഭിപ്രായം.

ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റൈറ്റിസ് എന്ന രോഗമാണെന്നാണ് വര്‍മാജി പറയുന്നത്. ആ രോഗം മാറിക്കിട്ടാന്‍ രാജ്യത്തെ എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിക്കുന്നുമുണ്ട് ഇദ്ദേഹം.
ഇന്ത്യ തോറ്റപ്പോള്‍ താന്‍ ഏറെ സന്തോഷിച്ചു എന്നാണ് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തത്. താന്‍ ക്രിക്കറ്റിനെ വെറുക്കുന്നു. ക്രിക്കറ്റ് തന്റെ രാജ്യത്തെ ജനങ്ങളുടെ ഉത്പാദനക്ഷമത നശിപ്പിക്കുന്ന കളിയാണ്. ക്രിക്കറ്റിനെ മാത്രമല്ല, ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരേയും താന്‍ വെറുക്കുന്നു- എന്നൊക്കെയാണ് വര്‍മാജിയുടെ ട്വീറ്റിലുള്ളത്.
സിഗററ്റിനോടും മദ്യത്തിനോടും ഉള്ള ആസക്തി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിമിതമാണ്. അത് ചില വ്യക്തികളെ മാത്രമേ ബാധിക്കുകയുള്ളൂ. എന്നാല്‍ ക്രിക്കറ്റിനോടുള്ള ആസക്തി ഒരു ദേശീയ രോഗമാണെന്നും രാംഗോപാല്‍ വര്‍മ പറയുന്നു.