വെല്ലിംഗ്ടണ്‍: ലോകകപ്പിലെ വേഗം കൂടിയ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലത്തിന് വീണ്ടും. ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ മത്സരത്തിലാണ് ക്യാപ്റ്റന്‍ മക്കുല്ലം വിശ്വരൂപം പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരെ 18 പന്തിലാണ് കീവി ക്യാപ്റ്റന്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. ഇതിന് മുമ്പത്തെ റെക്കോര്‍ഡും മക്കുല്ലത്തിന്റെ പേരിലാണ്. കാനഡയ്‌ക്കെതിരെ 20 പന്തില്‍ മക്കുല്ലം 50 അടിച്ചിട്ടുണ്ട്.
25 പന്ത് നേരിട്ട മക്കുല്ലം 77 റണ്‍സെടുത്തു. 8 ഫോറും ഏഴ് സിക്‌സും അടങ്ങിയതാണ് മക്കുല്ലത്തിന്റെ വെടിക്കെട്ട്. ഇതില്‍ നാല് സിക്‌സറുകള്‍ അടുത്തടുത്ത പന്തുകളില്‍ ആയിരുന്നു. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ സ്റ്റീവ് ഫിന്നിനെയാണ് മക്കുല്ലം ഇങ്ങനെ ശിക്ഷിച്ചത്. ഫിന്നിന്റെ 10 പന്തുകള്‍ നേരിട്ട മക്കുല്ലം വാരിയത് 44 റണ്‍സാണ്.

ജയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ സിംഗിള്‍ എടുത്താണ് മക്കുല്ലം തുടങ്ങിയത്. ഇതടക്കം ആകെ 3 സിംഗിളുകള്‍ മാത്രമാണ് മക്കുല്ലത്തിന്റെ 77 ല്‍ ഉള്ളത്. ബാക്കിയെല്ലാം സിക്‌സും ഫോറുമാണ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തെ അര്‍ധസെഞ്ചുറിയാണ് ഇത്. എ ബി ഡിവില്ലിയേഴ്‌സ് 16 പന്തിലും ജയസൂര്യ 17 പന്തിലും 50ലെത്തിയിട്ടുണ്ട്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 123 റണ്‍സില്‍ ഒതുക്കിയ ശേഷമാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ഈ താണ്ഡവം ആടിയത്. 7 ഓവറില്‍ 33 റണ്‍സ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ടിം സൗത്തിയാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. 33.2 ഓവറില്‍ ഇംഗ്ലണ്ട് ഓളൗട്ടായി. വെറും 12.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലന്‍ഡ് ലക്ഷ്യം കണ്ടു.