ബെംഗളുരു: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതില്‍ തന്റെ കാമുകി അനുഷ്‌കയെ വിമര്‍ശിക്കാന്‍ ലജ്ജ തോന്നുന്നില്ലേയെന്ന് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി. ഐപിഎല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ പ്രമോഷന്‍ ചടങ്ങില്‍ സംസാരിക്കുകവെയാണ് കോലി ഇതാദ്യമായി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
ലോകകപ്പ് സെമിഫൈനലില്‍ വിരാട് കോലി കേവലം ഒരു റണ്‍ മാത്രം എടുത്ത് പുറത്താകാന്‍ കാരണം അനുഷ്‌ക ശര്‍മ ഗ്യാലറിയില്‍ എത്തിയതു കൊണ്ടാണെന്ന് ചില ഇന്ത്യന്‍ ആരാധകര്‍ വിമര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ അടക്കമുള്ളവര്‍ അനുഷ്‌കയെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അപ്പോഴെല്ലാം മൗനം പാലിച്ച കോലി ഒടുവില്‍ ഐപിഎല്‍ പരിപാടിക്കിടെയാണ് പൊട്ടിത്തെറിച്ചത്. വിമര്‍ശിക്കുന്നവര്‍ എന്ത് അടിസ്ഥാനത്തിലാണ് അത് ചെയ്യുന്നതെന്ന് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമാണ് താന്‍ കാഴ്ചവെക്കുന്നതെന്ന് വിരാട് കോലി വ്യക്തമാക്കി.
ഒറ്റ തോല്‍വിയിലുണ്ടായ വിമര്‍ശനങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആരെല്ലാം നമുക്ക് ഒപ്പമുണ്ടെന്ന് മനസിലാക്കി തരുന്നതുമാണെന്ന് കോലി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയത്തിലേക്ക് നയിച്ച കളിക്കാരനാണ് താന്‍. അത്തരത്തിലൊരാളെയാണ് ഒറ്റക്കളിയുടെ പേരില്‍ വിമര്‍ശിക്കുന്നതെന്നും കോലി വ്യക്തമാക്കി.