അഫ്ഗാന്‍ പഴയ അഫ്ഗാന്‍ അല്ല, ഓസ്‌ട്രേലിയയ്ക്ക് പണികിട്ടും; പോരാട്ടം പൊടിപാറും
ലണ്ടന്‍: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍സമയം വൈകിട്ട് ആറു മണിക്ക് ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ടില്‍വെച്ചാണ് മത്സരം. കടലാസില്‍ ഓസ്‌ട്രേലിയയ്ക്കാണ് മേധാവിത്വമെങ്കിലും അഫ്ഗാനിസ്ഥാനെ ചെറുതാക്കി കണ്ടാല്‍ തോല്‍വിതന്നെ ഏറ്റുവാങ്ങേണ്ടിവന്നേക്കും.
പന്തുചുരണ്ടല്‍ വിവാദത്തിനുശേഷം സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസീസ് നിരയിലേക്ക് തിരിച്ചെത്തുന്നതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ചാമ്പ്യന്മാര്‍ കളത്തിലിറങ്ങുന്നത്. ഇരുവരുടെയും ഫോം മറ്റു ടീമുകള്‍ക്ക് ഭീഷണിയാകും. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന വാര്‍ണറും സ്മിത്തും ഓസീസിനെ ഒരിക്കല്‍ക്കൂടി ചാമ്പ്യന്മാരാക്കിയാലും അതിശയിക്കേണ്ടതില്ല.

ഓസ്‌ട്രേലിയയുടെ പ്രതീക്ഷ
ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചിരുന്നതെങ്കിലും ലോകകപ്പ് ആകുമ്പോഴേക്കും വിജയവഴിയില്‍ എത്തിക്കഴിഞ്ഞു. സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ഓസ്‌ട്രേലിയയ്ക്കുണ്ട്. ഗ്ലെന്‍ മാക്‌സ് വെല്‍, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവരാകും ബാറ്റിങ്ങില്‍ അണിനിരക്കുക. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജേസണ്‍ ബെഹന്‍ഡ്രോഫ് എന്നിവര്‍ പേസര്‍മാരുമാകും. നഥാന്‍ ലിയോണും ആദം സാമ്പയുമാണ് സ്പിന്നര്‍മാര്‍.

അട്ടിമറിക്കാന്‍ അഫ്ഗാന്‍
ലോകത്തെ ഏതു ടീമിനെയും അട്ടിമറിക്കാനുള്ള പ്രാപ്തിയിലേക്ക് അഫ്ഗാനിസ്ഥാന്‍ മാറിക്കഴിഞ്ഞു. സന്നാഹമത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് അവര്‍ ഒരിക്കല്‍ക്കൂടി അത് തെളിയിച്ചുകഴിഞ്ഞു. ലോകകപ്പില്‍ തങ്ങള്‍ അത്ഭുതം കാട്ടുമെന്ന് നേരത്തെതന്നെ അഫ്ഗാന്‍ വ്യക്തമാക്കിയതാണ്. ചെറുടീമെന്ന നിലയില്‍ അഫ്ഗാനെ കൈകാര്യം ചെയ്താല്‍ ഓസ്‌ട്രേലിയയും വിയര്‍ക്കും.

റാഷിദ് ഖാനും മുജീബ് ഉര്‍ റഹ്മാനും
ലോകോത്തര സ്പിന്നര്‍മാരായ റാഷിദ് ഖാനും, മുജീബ് ഉര്‍ റഹ്മാനും അടങ്ങുന്ന ബൗളിങ് നിരയാണ് അഫ്ഗാന്റെ കരുത്ത്. മുഹമ്മദ് ഷഹ്‌സാദ്, ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബ്, ഹസ്രത്തുള്ള സസായ്, അസ്ഗര്‍ അഫ്ഗാന്‍, ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി തുടങ്ങിയവര്‍ ടീമിന് അപ്രതീക്ഷിത വിജയം സമ്മാനിക്കാന്‍ കെല്‍പ്പുള്ളവരാണ്. നേരത്തെ ഇരുടീമുകളും ഒരുതവണ ഏറ്റുമുട്ടിയപ്പോള്‍ ഓസ്‌ട്രേലിയയ്ക്കായിരുന്നു വിജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications