അഡലെയ്ഡ്: ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റ് ചെയ്യാന്‍ വിട്ട ഇംഗ്ലണ്ട് ഞെട്ടി. മനോഹരമായ സെഞ്ചുറിയോടെ മഹ്മദുള്ള ബംഗ്ലാ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചപ്പോള്‍ ഇംഗ്ലണ്ടിന് കിട്ടിയിരിക്കുന്ന വിജയലക്ഷ്യം 276 റണ്‍സിന്റേത്. രണ്ട് വിക്കറ്റിന് 8 റണ്‍സ് എന്ന നിലയില്‍ നിന്നാണ് മഹ്മദുള്ളയും മുഷ്ഫിക്കര്‍ റഹിമും കൂടെ ബംഗ്ലാദേശിനെ 275 വരെ എത്തിച്ചത്.
ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്റെ കന്നി സെഞ്ചുറിയാണ് മഹ്മദുള്ള അടിച്ചെടുത്തത്. 138 പന്തില്‍ 7 ഫോറും 2 സിക്‌സും മഹ്മദുള്ള പറത്തി. സൂപ്പര്‍ താരം ഷക്കീബ് അല്‍ ഹസന്‍ പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ ബംഗ്ലാദേശ് ഇന്നിംഗ്‌സ് 300 കടന്നേനെ. അവസാന അഞ്ചോവറില്‍ മൂന്ന് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു. കിട്ടിയതാകട്ടെ വെറും 38 റണ്‍സ്.

ഓപ്പണര്‍മാരായ തമീം ഇഖ്ബാലും ഇമ്രുല്‍ കയേസും രണ്ട് വീതം റണ്‍സെടുത്ത് മടങ്ങുമ്പോള്‍ ബംഗ്ലാ സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ്. 40 റണ്‍സെടുത്ത സൗമ്യ സര്‍ക്കാറിനെ കൂട്ടുപിടിച്ച് മഹ്മദുള്ള രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത് ഈ ഘട്ടത്തിലാണ്. 94 ല്‍ സര്‍ക്കാരും 99 ല്‍ ഷക്കീബും പോയി. പിന്നിടായിരുന്നു ബംഗ്ലാദേശിന്റെ കളി തിരിച്ച കൂട്ടുകെട്ട് മഹ്മദുള്ളയും മുഷ്ഫിക്കര്‍ റഹിമും കൂടെ ഉണ്ടാക്കിയത്.
എ ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനെക്കാള്‍ മേലെയാണ് ഇപ്പോള്‍ ബംഗ്ലാദേശിന്റെ നില. 4 കളികള്‍ പൂര്‍ത്തിയായപ്പോള്‍ നാലാം സ്ഥാനത്തുള്ള അവര്‍ക്ക് 5 പോയിന്റുണ്ട്. ഇംഗ്ലണ്ടിനാകട്ടെ ഇത്രയും കളികളില്‍ നിന്നായി വെറും രണ്ട് പോയിന്റ് മാത്രമേയുള്ളൂ. അഫ്ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് പിന്നില്‍. 10 പോയിന്റോടെ ന്യൂസിലന്‍ഡാണ് ഗ്രൂപ്പില്‍ മുന്നില്‍.