ഓക്‌ലന്‍ഡ്: ഗ്രൂപ്പിലെ ഒരു കളിയും ക്വാര്‍ട്ടര്‍ ഫൈനലും ബാക്കിയുണ്ട്. ഇപ്പോഴേ സെമിഫൈനല്‍ ലൈനപ്പ് പ്രവചിക്കുന്നത് കുറച്ച് കടന്ന കൈയ്യാകും. പക്ഷേ നിലവിലെ ഫോമും ക്വാര്‍ട്ടറിലെ സാധ്യതകളും വെച്ച് നോക്കിയാല്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഒരു സെമിഫൈനല്‍ മത്സരത്തിന് അരങ്ങൊരുന്നതായി കാണാം.
നിലവില്‍ രണ്ട് ഗ്രൂപ്പുകളിലെയും ചാമ്പ്യന്മാരാണ് ഇന്ത്യയും ന്യൂസിലന്‍ഡും. രണ്ട് ടീമുകളും ഇതുവരെ തോറ്റിട്ടില്ല. എ ഗ്രൂപ്പില്‍ നിന്നും നാല് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കഴിഞ്ഞു. ബി ഗ്രൂപ്പില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ബാക്കിയുള്ള രണ്ട് ക്വാര്‍ട്ടര്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍, അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ തമ്മിലാണ് മത്സരം.

എ ഗ്രൂപ്പ് ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിന് ബി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ് എതിരാളികള്‍. അത് ആരാണെന്ന് ഇനിയും അറിയാനിരിക്കുന്നതേ ഉളളൂ. ബി ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെയാകും ക്വാര്‍ട്ടറില്‍ കിട്ടുക. രണ്ട് ടീമുകളും ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ പരസ്പരം സെമിഫൈനലില്‍ കളിക്കേണ്ടി വരും.
ഐ സി സി യുടെ ഷെഡ്യൂള്‍ പ്രകാരം ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടില്‍ ന്യൂസിലന്‍ഡ് ബി ഗ്രൂപ്പിലെ ഒരു ടീമുമായി കളിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ നാലായിരിക്കും ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍. അഥവാ ഇനി ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ തോല്‍പിച്ചാല്‍ അവര്‍ എ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ കടക്കും. അങ്ങനെ വന്നാല്‍ ശ്രീലങ്കയാകും ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് എതിരാളി.