മെല്‍ബണ്‍: വനിതാ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ശ്രീലങ്ക. 27 പന്തുകള്‍ ബാക്കിനില്‍ക്കെ 9 വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. ഇരു ടീമുകളും നേരത്തെ തന്നെ സെമി ഫൈനലില്‍ എത്താതെ പുറത്തായിരുന്നു. ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 15.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം ശശികല സിരിവര്‍ധനയുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്. വിരമിക്കല്‍ മത്സരത്തില്‍ 4 വിക്കറ്റ് സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച സ്കോര്‍ കണ്ടെത്താനായില്ല. 39 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയാണ് ടോപ് സ്കോറര്‍. സന്ജിത ഇസ്ലാം(13), ഫാര്ഗന ഹോഖ്(13) എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്തുകൊണ്ടായിരുന്നു സിരിവര്‍ധനയുടെ നാല് വിക്കറ്റ് പ്രകടനം. രണ്ട് വിക്കറ്റ് വീഴ്ത്തിയ അചിനി കുലസൂര്യയും ശ്രീലങ്കയ്ക്കുവേണ്ടി തിളങ്ങി.
നേരിട്ടതില്‍വെച്ച് ഏറ്റവും മോശം റയല്‍; തോല്‍വിക്കുശേഷം ബാഴ്സ താരം പിക്വെ
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കുവേണ്ടി ഹാസിന് പെരേര(39), ചാമിരി അട്ടപ്പട്ടു(30), അനുഷ്ക സഞ്ജീവനി(16) എന്നിവര്‍ തിളങ്ങി. പതിനേഴുവര്‍ഷം ടീമിന് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച ശശികലയ്ക്ക് ശരിയായ യാത്രയയപ്പാണ് വിജയത്തിലൂടെ ശ്രീലങ്ക നല്‍കിയത്. ഗ്രൂപ്പ് എ യില്‍ നാലു കളികളില്‍നിന്നും ഒരു ജയം മാത്രമുള്ള ശ്രീലങ്ക രണ്ട് പോയന്റുമായാണ് മടങ്ങുന്നത്. ബംഗ്ലാദേശിന് ഒരു മത്സരവും ജയിക്കാനായില്ല. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിലെ വിജയി സെമിയില്‍ പ്രവേശിക്കും. നേരത്തെ ഇതേ ഗ്രൂപ്പില്‍നിന്നും ഇന്ത്യ സെമിയിലെത്തിയിരുന്നു.