ദില്ലി: ബോളിവുഡ് താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്ന് തുടങ്ങി എല്ലാവരും മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകള്‍ക്ക് ആശംസകള്‍ നേരുകയാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് വിരാട് കോലി വനിതാ ദിന ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
കൈകൂപ്പി നില്‍ക്കുന്ന സ്വന്തം ഫോട്ടോയില്‍ സോറി എന്നെഴുതിയ ചിത്രമാണ് വിരാട് കോലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അടുത്തിടെ പിരിഞ്ഞ കാമുകി അനുഷ്‌ക ശര്‍മയോടാണ് കോലി സോറി പറയുന്നത് എന്നൊന്നും ആരും കരുതേണ്ട കേട്ടോ. തുറിച്ചുനോക്കുകയും കമന്റടിക്കുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്യുന്ന ആണ്‍വര്‍ഗത്തിന് വേണ്ടിയാണ് കോലി സ്ത്രീകളോട് ക്ഷമ പറയുന്നത്.

ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് വുമണ്‍സ് ഡേ ആണ് പിന്നീട് അന്താരാഷ്ട്ര വുമണ്‍സ് ഡേ ആയി മാറിയത്. വിരാട് കോലി മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ പല പ്രമുഖരും വനിതാ ദിന ആശംസകള്‍ അറിയിച്ചു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, ശില്‍പ ഷെട്ടി, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവരാണ് ട്വിറ്ററിലൂടെ സന്ദേശങ്ങള്‍ ആരാധകരെ അറിയിച്ചത്.
സ്ത്രീകളാണ് ദൈവത്തിന്റെ ഏറ്റവും നല്ല സൃഷ്ടി. ഭീകരവാദികളെയും പാറ്റകളെയും സൃഷ്ടിച്ചു എന്ന കുഴപ്പം സ്ത്രീകളെ സൃഷ്ടിച്ചു എന്നത് കൊണ്ട് താന്‍ ക്ഷമിക്കുന്നു എന്നായിരുന്നു ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്. തന്റെ ജീവിതം ഇത്ര സുന്ദരമാക്കിയ എല്ലാ സ്ത്രീകളോടുമുളള സ്‌നേഹം പങ്കുവെച്ചു സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. വനിതാ ദിനം മാത്രമല്ല എല്ലാ ദിവസവും ആഘോഷിക്കാനായിരുന്നു ശില്‍പ ഷെട്ടിയുടെ ആഹ്വാനം.