
മാരകമായ സ്വിംഗറുകള്‍
ഫാസ്റ്റ് ബൗളിംഗിന്റെ അതിമനോഹരമായ ഷോ ആയിരുന്നു മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും ഈഡന്‍ ഗാര്‍ഡനില്‍ പുറത്തെടുത്തത്. ഭുവി ഒന്നാം ഇന്നിംഗ്‌സില്‍ 5 വിക്കറ്റെടുത്തു. മുഹമ്മദ് ഷമി ഒന്നാം ഇന്നിംഗ്‌സിലും രണ്ടാം ഇന്നിംഗ്‌സിലും 3 വീതവും. പന്ത് രണ്ട് ഭാഗത്തേക്കും സ്വിംഗ് ചെയ്യിക്കുന്നതില്‍ മാരകമായ മികവാണ് ഷമി കാണിച്ചത്.

ഈ വാര്‍ത്ത എത്തിയത്
കൊല്‍ക്കത്ത ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ഷമിയുടെ 14 മാസം പ്രായമുള്ള മകള്‍ ഐറയെ പനി കാരണം നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്മിറ്റായി അരമണിക്കൂറിനുള്ളില്‍ ഐറയെ ഐ സി യുവിലാക്കേണ്ടി വന്നു. പനിക്കൊപ്പം കുട്ടിക്ക് ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

മുഹമ്മദ് ഷമി എന്ത് ചെയ്തു
ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ടെസ്റ്റ് കളിക്കുകയായിരുന്നു ഷമി. ടീമിന്റെ പ്രധാന ഫാസ്റ്റ് ബൗളര്‍. ഓരോ ദിവസവും കളി കഴിഞ്ഞ ശേഷം ആശുപത്രിയിലെത്തി മകളെ കാണുമായിരുന്നു ഷമി. രാത്രിയോടെ ടീം കഴിയുന്ന ഹോട്ടലിലേക്ക് തിരിച്ചെത്തും. നാലാം ദിവസം കളി തീര്‍ന്നു.

മകള്‍ക്ക് സുഖമായി
ഇന്ത്യ ന്യൂസിലന്‍ഡിനെ ഓളൗട്ടാക്കി മത്സരം ജയിച്ച ഇന്നലെ, ഒക്ടോബര്‍ 3 തിങ്കളാഴ്ച ഷമിയുടെ മകള്‍ ഐറയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഷമിയാണ് ന്യൂസിലന്‍ഡിന്റെ അവസാന വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് വിജയവും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും നേടിക്കൊടുത്തത്.

സല്യൂട്ട് ഷമി
വിഷമഘട്ടത്തില്‍ ടീം മാനേജ്‌മെന്റും കളിക്കാരും ഷമിക്കൊപ്പം നിന്നു. മകള്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഷമി രാജ്യത്തിന് വേണ്ടി ഈ ഉജ്വല പ്രകടനം കാഴ്ചവെക്കുന്നതെന്ന് കമന്ററി പറയുകയായിരുന്ന സഞ്ജയ് മഞ്ജരേക്കര്‍ പലവട്ടം പറഞ്ഞു.

ഷമി പറയുന്നത്
ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ള സഹകളിക്കാര്‍ നല്‍കിയ പിന്തുണ മുഹമ്മദ് ഷമി നന്ദിയോടെ ഓര്‍ക്കുന്നു. ഓരോ ദിവസവും തിരിച്ചെത്തിക്കഴിഞ്ഞ് ക്യാപ്റ്റന്‍ കോലി തന്നെ പ്രചോദിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുമായിരുന്നു. കളി കഴിയുമ്പോഴേക്കും മകള്‍ക്ക് സുഖമാകുമെന്ന് കളിക്കാര്‍ ഓരോരുത്തരും പറഞ്ഞു.

ഷമിയുടെ കുടുംബം
2014 ലെ ഐ പി എല്‍ മത്സരങ്ങള്‍ക്കിടെയാണ് മുഹമ്മദ് ഷമി വിവാഹിതനായത്. ഹാസിന്‍ ജഹാനാണ് ഭാര്യ. ഇവര്‍ക്ക് 14 മാസം പ്രായമായ മകള്‍. ഐറ ഷമി എന്നാണ് മകളുടെ പേര്.


Click it and Unblock the Notifications











