ടോന്റണ്‍: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വ്യത്യസ്തമായ ആഘോഷ പ്രകടനത്തിലൂടെ കായിക പ്രേമികള്‍ക്കു പ്രിയങ്കരനായ താരമാണ് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെല്‍. വിക്കറ്റ് വീഴ്ത്തിയാലുടന്‍ നിവര്‍ന്നുനിന്ന് സല്യൂട്ട് ചെയ്യുന്ന കോട്രെലിന്റെ ശൈലിക്ക് വളരെയധികം ആരാധകരുണ്ട്. ഇപ്പോള്‍ ഒരു മാസ്മരിക പ്രകടനത്തിന്റെ പേരില്‍ ക്രിക്കറ്റ് ലോകം കോട്രെലിന് തിരിച്ച് സല്യൂട്ട് നല്‍കിയിരിക്കുകയാണ്.
ബംഗ്ലാദേശിനെതിരേ തിങ്കളാഴ്ച നടന്ന മല്‍സരത്തിലെ പ്രകടനമാണ് കോട്രെലിന് വീണ്ടും ആരാധകരെ നേടിക്കൊടുത്തത്. കളിയിലെ ഒരു മിന്നല്‍ റണ്ണൗട്ടായിരുന്നു ഇതിനു പിന്നില്‍. ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാലിനെ കോട്രെല്‍ റണ്ണൗട്ടാക്കിയത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. സ്വന്തം ബൗളിലായിരുന്നു അദ്ദേഹത്തിന്റെ ഈ അവിസ്മരണീയ പ്രകടനം. പറന്നെത്തിയ കോട്രെലിന്റെ പന്ത് ക്രീസിന് പുറത്തിറങ്ങി നിന്നാണ് തമീം ബ്ലോക്ക് ചെയ്തത്. എന്നാല്‍ റണ്ണപ്പില്‍ തന്നെ പന്ത് പിടിച്ചെടുത്ത കോട്രെല്‍ തമീം തിരിച്ച് ബാറ്റ് ക്രീസില്‍ കുത്തുന്നതിനു മുമ്പ് തന്നെ സ്റ്റംപിലേക്ക് എറിയുകയായിരുന്നു. തേര്‍ഡ് അംപയര്‍ ഇത് ഔട്ട് വിധിച്ചപ്പോള്‍ കോട്രെലിന്റെ തനത് സല്യൂട്ട് ആഹ്ലാദ പ്രകടനം കണ്ടില്ലെന്നതു മാത്രമാണ് ആരാധകരുടെ ഏക നിരാശ. എങ്കിലും ഈ റണ്ണൗട്ടിന്റെ പേരില്‍ കോട്രെലിന് തിരിച്ച് ആരാധകര്‍ ബിഗ് സല്യൂട്ടാണ് നല്‍കിയത്.
പാക് ടീമിനെ രക്ഷിക്കാം.. പറഞ്ഞത് സാക്ഷാല്‍ ആമിര്‍ ഖാന്!! ഇന്ത്യയോടേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കും
കോട്രെലിന്റെ ഈ പ്രകടനത്തിന് മല്‍സരഫലത്തില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതു വിന്‍ഡീസിനെ നിരാശരാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എട്ടു വിക്കറ്റിന് 321 റണ്‍സെന്ന വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും ബംഗ്ലാദേശ് ഇത് അനായാസം ചേസ് ചെയ്യുകയായിരുന്നു. വെറും 41.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി. ഷാക്വിബുല്‍ ഹസന്റെ (124*) സെഞ്ച്വറിയും ലിറ്റണ്‍ ദാസ് (94*), തമീം ഇഖ്ബാല്‍ (48) എന്നിവരുടെ പ്രകടനവുമാണ് ബംഗ്ലാദേശ് ജയം എളുപ്പമാക്കിയത്.