പോര്‍ട്ടോ ഓഫ് സ്‌പെയിന്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് ആധിപത്യം തുടരുന്നു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ വിന്‍ഡീസ് മേല്‍ക്കൈ നേടിയപ്പോള്‍ മൂന്നാംദിനത്തിലും ലങ്ക വിയര്‍ത്തു. വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ എട്ടിന് 414 ഡിക്ലയേര്‍ഡിന് മറുപടിയായി ലങ്ക ഒന്നാമിന്നിങ്‌സില്‍ 185 റണ്‍സെടുത്ത് പുറത്തായി.
229 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ വിന്‍ഡീസ് മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ നാല് വിക്കറ്റിന് 131 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് കൈയിലിരിക്കേ വിന്‍ഡീസിന് 360 റണ്‍സിന്റെ ലീഡായി. കളിനിര്‍ത്തുമ്പോള്‍ 64 റണ്‍സുമായി കീരോണ്‍ പവലും 11 റണ്‍സോടെ ഷെയ്ന്‍ ഡോവ്‌റിച്ചുമാണ് ക്രീസില്‍. 80 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് പലവിന്റെ ഇന്നിങ്‌സ്.

ശ്രീലങ്കയ്ക്കു വേണ്ടി ലഹിറു കുമാര രണ്ടും സുരങ്ക ലക്മല്‍, രംഗനാ ഹെരാത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിഗ്വയ്ല്‍ കമ്മിന്‍സും രണ്ട് വിക്കറ്റ് വീതം നേടിയ കെമര്‍ റോച്ചും ഷാനോണ്‍ ഗാബ്രിയേലുമാണ് ലങ്കയെ ഒന്നാമിന്നിങ്‌സില്‍ 185 റണ്‍സിലൊതുക്കിയത്. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമലാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍.