ഇന്നത്തെ കോലിയും അന്നത്തെ സച്ചിനും; കോലി മുന്നിലെന്ന് കണക്കുകള്‍!
ക്രിക്കറ്റില്‍ പൂര്‍ണതയ്ക്കടുത്താണ് സച്ചിന്‍ തെണ്ടുല്‍ക്കറിന് സ്ഥാനം. ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിന്‍ ആ മതത്തിലെ ദൈവമാണ് എന്ന് ആരാധകര്‍ പറയും. 24 വര്‍ഷം നീണ്ട കരിയറില്‍ അത്രയ്ക്കുമുണ്ട് സച്ചിന്‍ നേടിയെടുത്ത പേരും പെരുമയും. കൂടുതല്‍ റണ്‍സുകള്‍, സെഞ്ചുറികള്‍, മാന്‍ ഓഫ് ദ മാച്ചുകള്‍ എന്നിങ്ങനെ പോകുന്ന റെക്കോര്‍ഡുകളാണെങ്കില്‍ പറയാനുമില്ല.
സച്ചിന്‍ കളിക്കുന്ന കാലത്ത് തന്നെ മറ്റൊരു സച്ചിന് വേണ്ടിയുളള തിരച്ചിലിലായിരുന്നു നമ്മള്‍. വിരാട് കോലിയിലാണ് ആ അന്വേഷണം ചെന്നെത്തി നില്‍ക്കുന്നത്. 26 വയസ്സേ ആയിട്ടുള്ളൂ കോലിക്ക്. പക്ഷേ സച്ചിനൊപ്പം പോന്നവന്‍ എന്ന പേര് കോലി കേള്‍പ്പിച്ചുകഴിഞ്ഞു. ചില കണക്കുകളില്‍ സച്ചിന്‍ കോലിക്ക് താഴെയേ വരൂ എന്നതാണ് സത്യം. കോലി ഇതുവരെ കളിച്ചത് 41 ടെസ്റ്റും 171 ഏകദിനവും. ഇത്രയും കളികള്‍ കഴിഞ്ഞപ്പോള്‍ സച്ചിന്റെ നേട്ടം എന്തായിരുന്നു. കാണൂ...

ടെസ്റ്റില്‍ മുന്നില്‍ സച്ചിന്‍
ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ സച്ചിനാണ് മുന്‍തൂക്കം. 41 ടെസ്റ്റില്‍ കോലിക്ക് 72 ഇന്നിംഗ്‌സുകള്‍ കിട്ടിയപ്പോള്‍ സച്ചിന് 60 ഇന്നിംഗ്‌സുകളേ കളിക്കാന്‍ പറ്റിയിട്ടുള്ളൂ. എന്നിട്ടും കോലിയുടെ തൊട്ടടുത്ത റണ്‍സ് നേട്ടം സച്ചിനുണ്ട്. കോലി - 2994. സച്ചിന്‍ - 2911.

ഏകദിനത്തില്‍ കോലി ബഹുദൂരം മുന്നില്‍
171 കളികളില്‍ സച്ചിന്‍ 166 ഇന്നിംഗ്‌സും കോലി 163 ഇന്നിംഗ്‌സുമാണ് കളിച്ചത്. സച്ചിന്‍ 5828 റണ്‍സടിച്ചപ്പോള്‍ കോലിയുടെ നേട്ടം 7212ലെത്തി. വേഗം കൂടിയ 7000 ത്തിന്റെ കാര്യത്തില്‍ സച്ചിന്‍ കോലിയുടെ പരിസരത്ത് പോലുമില്ല.

ആവറേജ് നോക്കുന്നോ
ഏകദിനത്തില്‍ സച്ചിന്റെ ശരാശരി 38.85. കോലിയുടേത് 51.51. ടെസ്റ്റില്‍ സച്ചിന് 54.92. കോലിക്ക് 44.02. ഉയര്‍ന്ന സ്‌കോര്‍ ടെസ്റ്റില്‍ സച്ചിനാണ് കൂടുതല്‍. ഏകദിനത്തില്‍ കോലിക്കും.

സെഞ്ചുറികളാണ് കാര്യം
ടെസ്റ്റില്‍ 11ഉം ഏകദിനത്തില്‍ 25ഉം സെഞ്ചുറികളുണ്ട് കോലിയുടെ പേരില്‍. ഈ സമയത്ത് സച്ചിന്റെ അക്കൗണ്ടില്‍ ടെസ്റ്റില്‍ 10ഉം ഏകദിനത്തില്‍ 12 ഉം സെഞ്ചുറികളേ ഉള്ളൂ..

കോലിയുടെ ഭാഗ്യം
വസിം അക്രം, ഗ്ലെന്‍ മക്ഗ്രാത്ത്, ഷെയ്ന്‍ വോണ്‍, അലന്‍ ഡൊണാള്‍ഡ്, വാല്‍ഷ്, ആംബ്രോസ്, മുരളി, വാസ് എന്നിങ്ങനെയുള്ള ലോകോത്തര ബൗളര്‍മാരെ നേരിടേണ്ടി വന്നിട്ടില്ല കോലിക്ക്. എന്നാല്‍ പതിനേഴാം വയസ്സില്‍ കളി തുടങ്ങിയ സച്ചിന് കരിയറിന്റെ ഭൂരിഭാഗവും ഈ പ്രതിഭകള്‍ക്കെതിരെ ബാറ്റ് ചെയ്യേണ്ടി വന്നു.

റെക്കോര്‍ഡ് പക്ഷേ റെക്കോര്‍ഡ് തന്നെ
എന്ന് കരുതി കോലിയുടെ നേട്ടത്തിന് മാറ്റ് കുറയില്ല. ക്രിക്കറ്റെന്ന കളി കണക്കുകളുടേതാണ്. അത് എപ്പോള്‍ എങ്ങനെ നേടി എന്നത് രണ്ടാമത്തെ കാര്യം. സച്ചിനെപ്പോലെ ദീര്‍ഘകാലം കളിക്കാന്‍ കോലിക്ക് പറ്റുമോ. സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ. കാലം മറുപടി പറയട്ടെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications