ഒരു ഇടവേളയ്ക്ക് ശേഷം ഏകദിന പരമ്പര കളിക്കാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഏറെനാളായി ടി20, ടെസ്‌റ്റ് പോലെയുള്ള ഫോർമാറ്റുകൾ ആയിരുന്നു ഇന്ത്യ കളിക്കുന്നത്. പരിമിത ഓവറിൽ ഇന്ത്യയുടെ ശക്തി കേന്ദ്രമാണ് ഏകദിനം. കഴിഞ്ഞ ലോകകപ്പിൽ ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് മുൻപ് ഓസീസിനോട് ഫൈനലിൽ തോറ്റതിന്റെ വേദനയും വിഷമവും ഇതുവരെ ഇന്ത്യൻ ആരാധകർ മറന്നിട്ടുണ്ടാവാൻ സാധ്യത ഒട്ടുമില്ല.
കഴിഞ്ഞ ദിവസമാണ് ഓസീസിനെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മറ്റ് രണ്ട് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച താരങ്ങളായ കോലിയും രോഹിതും ഇക്കുറി ടീമിൽ ഇടം നേടി എന്നതാണ്. ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തിൽ ഇരുവരും കളിക്കളത്തിൽ, ഐപിഎൽ ഒഴികെ കാണണമെങ്കിൽ ഏകദിനം വരണമെന്നാണ് അവസ്ഥ. ഇരുവരും ടീമിൽ ഇടമുണ്ടെന്ന് മാത്രമേയുള്ളൂ എന്നതാണ് മറ്റൊരു കാര്യം.

രോഹിത് ശർമ്മയ്ക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്‌ടമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഗില്ലിനെയാണ് പകരം ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റൻ വരുമെന്ന സൂചന നൽകി കൊണ്ട് നേരത്തെ ടി20യിൽ വൈസ് ക്യാപ്റ്റനായി താരത്തെ അവരോധിച്ചിരുന്നു. സൂര്യകുമാർ യാദവ് അടുത്ത് തന്നെ ക്യാപ്റ്റൻ സ്ഥാനം ഗില്ലിന് കൈമാറുമെന്നാണ് വിലയിരുത്തൽ.
പറഞ്ഞുവന്നത് നടക്കാനിരിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയെ കുറിച്ചാണ്. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഈ സീരീസിനെ നോക്കി കാണുന്നത്. നേരത്തെ പറഞ്ഞത് പോലെ കോലിയുടെയും രോഹിതിന്റെയും ബാറ്റിംഗ് മികവ് കാണാനുള്ള അവസരമാണ് ഇതെന്ന് കൂടി ഓർക്കണം. ഓസീസ് നിരയിൽ നിന്ന് പക്ഷേ കേട്ട വാർത്തകൾ ഒന്നും അത്രയ്ക്ക് ശുഭകരമല്ല.
അതിൽ പ്രധാനം ക്യാപ്റ്റൻ ആയ പാറ്റ് കമ്മിൻസ് പരമ്പരയിൽ ഉണ്ടാവില്ല എന്നതാണ്. ഏകദിന ലോകകപ്പ് ഫൈനലിൽ അടക്കം ഇന്ത്യയെ പറ്റാവുന്ന ടൂർണമെന്റുകളിൽ നിന്നെല്ലാം തോൽപിച്ചിട്ടുള്ള കമ്മിൻസ് ഇല്ലെന്ന് കേൾക്കുമ്പോൾ അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം തന്നെയാണ്. വലംകൈയ്യൻ സീമർ പുറംവേദനയെ തുടർന്ന് ബുദ്ധിമുട്ടുകയാണ്, ഈ വർഷം അവസാനം നടക്കുന്ന ആഷസിൽ കളിക്കുന്നതിനാണ് താരം പ്രാധാന്യം നൽകുന്നത്.
എന്തായാലും കമ്മിൻസിന്റെ അഭാവം കൂടുതലായി കോലിക്കും രോഹിത്തിനും ഗുണകരമാവുമോ എന്നാണ് നമ്മൾ നോക്കി കാണുന്നത്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി കമ്മിൻസ് തന്നെയാണ് ഓസീസിനെ നയിക്കുന്നത്. പേസ് മുനയുടെ നായകനും അദ്ദേഹം തന്നെ. അതുകൊണ്ട് തന്നെ ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങളെ എങ്ങനെയാണ് കമ്മിൻസ് സ്വീകരിച്ചത് എന്നും ഈ അഭാവം അവർക്ക് ഗുണമാവുമോ എന്നും നോക്കാം.
ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോർഡാണ് പാറ്റ് കമ്മിൻസിന് അവകാശപ്പെടാനുള്ളത്. 21 ഏകദിനങ്ങളിൽ നിന്ന് മെൻ ഇൻ ബ്ലൂവിനെതിരെ 28 വിക്കറ്റുകൾ നേടിയിട്ടുള്ള ഈ വലംകൈയ്യൻ സീമർ ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം തന്നെ നടത്താറുണ്ട്. എന്നാൽ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കുമെതിരെ കമ്മിൻസ് എല്ലാപ്പോഴും ഫലപ്രദമല്ലായിരുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഇരുവരും കമ്മിൻസിനെതിരെ ഏതാണ്ട് 30 ഓവറുകളിൽ അധികം ബാറ്റ് വീശിയിട്ടുണ്ട്. അക്കൂട്ടത്തിൽ കൂടുതൽ കമ്മിൻസിനെ ആക്രമിച്ചത് രോഹിത് ആണെന്ന് കാണാം. അതിന്റെ പ്രധാന കാരണം രോഹിത് ബാറ്റിങ് നിരയിൽ അദ്ദേഹം ഓപ്പണറായി കളിക്കുന്നത് കൊണ്ടാണ്.കോലി പലപ്പോഴും മൂന്നാമനായതിനാലാണ് അത്രത്തോളം പ്രഹരിക്കാതിരുന്നത്.
ആകെ ഇത്രയധികം ഓവറുകൾ, മത്സരങ്ങൾ എന്നിവ ഉണ്ടായിട്ടും രണ്ട് തവണ വീതം മാത്രമേ ഇവരെ പുറത്താക്കാൻ കമ്മിൻസിന് കഴിഞ്ഞിട്ടുളളൂ എന്ന് കാണാം. ഇനി ഓസീസിൽ വച്ചുള്ള കണക്കുകൾ എടുത്ത് നോക്കിയാൽ അതിലും രസകരമാണ്. സ്വന്തം നാട്ടിൽ വച്ച് കമ്മിൻസിന് കോലിയെയും രോഹിത്തിനെയും തൊടാൻ പോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കമ്മിൻസിന്റെ അഭാവം ഇരുവരെയും ഒരുതരത്തിലും ബാധിക്കുന്ന ഒന്നല്ല.