ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ഏകദിനത്തോടെ രോഹിത് ശർമ്മ വിരമിക്കുമോ? മറുപടിയുമായി ഇന്ത്യയുടെ ബാറ്റിംഗ് കോച്ച്
മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഏകദിനത്തിൽ നിന്നും ഉടൻ വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായ സിതാൻഷു കോട്ടക്. കാർഡിഫിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനെ തുടർന്ന്, ജൂലൈ 19-ന് ലോർഡ്‌സിൽ നടക്കുന്ന മൂന്നാം ഏകദിനം രോഹിത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരമാകുമെന്ന തരത്തിൽ വിവിധ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് കോട്ടക് ഇപ്പോൾ വ്യക്തമാക്കിയത്.
ഇംഗ്ലണ്ട് പരമ്പരയിൽ രോഹിത്തിന്റെ പ്രകടനം മികച്ചതല്ലാത്തതിനാൽ, യശസ്വി ജയ്സ്വാളിനെയോ ഇഷാൻ കിഷനെയോ ഓപ്പണറായി പരിഗണിക്കുമോയെന്ന ചോദ്യത്തിനും കോട്ടക് മറുപടി നൽകിയിരുന്നു. രണ്ട് ഇന്നിങ്‌സുകളിലെ പ്രകടനം മാത്രം വിലയിരുത്തി ഒരു താരത്തെ തീരുമാനിക്കാൻ കഴിയില്ലെന്നും രോഹിത്തിനെപ്പോലുള്ള പരിചയസമ്പന്നനായ ബാറ്റർ ഒരിയ്ക്കലും സമ്മർദത്തിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ഏകദിനത്തിൽ രോഹിത് റൺ കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും, അത് വലിയ പ്രശ്‌നമായി കാണേണ്ട കാര്യമില്ലെന്നും ലോർഡ്‌സിൽ നടക്കുന്ന നിർണായക മത്സരത്തിൽ അദ്ദേഹത്തിൽ നിന്ന് മികച്ച ഇന്നിങ്‌സ് പ്രതീക്ഷിക്കാമെന്നും കോട്ടക് പറഞ്ഞു. ഒരു ദിവസത്തെ പ്രകടനം മാത്രം നോക്കി ഒരു താരത്തിന്റെ നിലവാരം വിലയിരുത്തുന്നത് ശരിയല്ലെന്നും, പല മികച്ച ബാറ്റർമാർക്കും ഇത്തരത്തിലുള്ള മത്സരങ്ങൾ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ നിലവിലെ പരമ്പരയിൽ രോഹിത് ശർമയ്ക്ക് തിളങ്ങാനായിട്ടില്ല. മാത്രമല്ല എഡ്‌ജ് ബാസ്‌റ്റണിൽ നടന്ന ആദ്യ ഏകദിനത്തിൽ 21 പന്തിൽ 11 റൺസാണ് അദ്ദേഹം നേടിയത്. കാർഡിഫിൽ നടന്ന രണ്ടാം മത്സരത്തിൽ 47 പന്ത് നേരിട്ടെങ്കിലും 27 റൺസിൽ പുറത്തായി. മുൻപ് ഒരിക്കലും ഇല്ലാത്ത വിധം വേഗം കുറഞ്ഞ ഇന്നിംഗ്‌സ് ആയിരുന്നു രോഹിത് കളിച്ചത്. ഇതോടെയാണ് രോഹിത് ശർമയുടെ വിരമിക്കലിനെ കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നത്.
അതേസമയം, 2027 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് രോഹിത് ശർമയെ പരിഗണിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സെലക്റ്റർമാർ ഇക്കാര്യം രോഹിത്തിനെ അറിയിച്ചിട്ടുണ്ടെന്നും, ഈ പരമ്പരയ്ക്ക് ശേഷം ടീമിൽ തുടരണമോ വിരമിക്കണമോ എന്ന അന്തിമ തീരുമാനം അദ്ദേഹത്തിന് തന്നെ വിട്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മറ്റൊരു മുതിർന്ന താരമായ വിരാട് കോലിയും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കളിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഏകദിനത്തിൽ അർധ സെഞ്ച്വറി തികച്ച കോലി ലോകകപ്പ് ടീമിലേക്കുള്ള സ്ഥാനത്തിനായുള്ള ശ്രമത്തിലാണ്. എന്നാൽ രോഹിത് ആവട്ടെ രണ്ട് മത്സരങ്ങളിലും മോശം പ്രകടനമാണ് കാഴ്‌ചവച്ചത്.
രോഹിത് ശർമ ഇതിനകം ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്നും ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടുണ്ട്. അതിനാൽ, ഈ പരമ്പരയിലെ മൂന്നാം ഏകദിനം അദ്ദേഹത്തിന്റെ അവസാന ഏകദിന മത്സരമാകുകയാണെങ്കിൽ, ഇന്ത്യൻ ടീമിനായി അദ്ദേഹം കളിക്കുന്ന അവസാന അന്താരാഷ്ട്ര മത്സരവും ഇത് തന്നെയായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications