ഇതു രോഹിത് 3.0! ദയനീയ തുടക്കം, പിന്നെ വെടിക്കെട്ട് ഓപ്പണര്‍, ഇപ്പോള്‍ ക്യാപ്റ്റനും- വേറെ ലെവല്‍

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിച്ചതിനെ ക്രിക്കറ്റ് പ്രേമികളും മുന്‍ താരങ്ങളുമെല്ലാം ഒരുപോലെ സ്വാഗതം ചെയ്തിരിക്കുകയാണ്. കാരണം രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് നേരത്തേ തന്നെ പല തവണ എല്ലാവരും കണ്ടുകഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ അദ്ദേഹത്തെ ടി20, ഏകദിന ടീമുകളുടെ നായകസ്ഥാനമേല്‍പ്പിച്ചത് വളരെ മികച്ച തീരുമാനമാണെന്നാണ് പൊതു അഭിപ്രായം.

ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള രോഹിത്തിന്റെ വളര്‍ച്ച അദ്ഭുതപ്പെടുത്തുന്നതു തന്നെയാണ്. കാരണം തുടക്കകാലത്ത് ടീമില്‍ സ്ഥാനം പോലും ഉറപ്പില്ലാത്ത മധ്യനിര ബാറ്ററായിരുന്നു അദ്ദേഹം. അവിടെ നിന്നാണ് രോഹിത് ഇപ്പോള്‍ ദേശീയ ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍സിയിലെത്തി നില്‍ക്കുന്നത്. മൂന്നു ഘട്ടങ്ങളായി അദ്ദേഹത്തിന്റെ കരിയറിനെ നമുക്കു വേര്‍തിരിക്കാം. അങ്ങനെ നോക്കുമ്പോള്‍ ഇതു രോഹിത്തിന്റെ മൂന്നാമത്തേ വേര്‍ഷനാണെന്നു (രോഹിത് 3.0) പറയേണ്ടി വരും. രണ്ടു വര്‍ഷത്തിനിടെ രണ്ടു ലോകകപ്പുകളിലാണ് അദ്ദേഹം ടീമിനെ നയിക്കാനൊരുങ്ങുന്നത്. 2022ല്‍ ടി20 ലോകകപ്പും 2023ല്‍ ഏകദിന ലോകകപ്പും നടക്കാനിരിക്കുകയാണ്.

 രോഹിത് ശര്‍മ 1.0- മുടന്തിയ മധ്യനിര ബാറ്റര്‍

രോഹിത് ശര്‍മ 1.0- മുടന്തിയ മധ്യനിര ബാറ്റര്‍

നിലവിലെ രോഹിത് ശര്‍മയും കരിയറിന്റെ തുടക്ക കാലത്തെ രോഹിത്തും തമ്മില്‍ ഒരു ബന്ധവുമില്ലായിരുന്നുവെന്നു പറയേണ്ടി വരും. ഇപ്പോള്‍ കാണുന്ന ക്രിക്കറ്ററുടെ വെറും നിഴല്‍ മാത്രമായിരുന്നു അന്ന് അദ്ദേഹം. ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പാടുപെട്ട മധ്യനിര ബാറ്ററായിരുന്നു രോഹിത്. സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തതു കാരണം പലപ്പോഴും ടീമിന് അകത്തും പുറത്തുമായി അദ്ദേഹത്തിനു തുടരേണ്ടി വരികയായിരുന്നു. 2011ല്‍ നാട്ടില്‍ ഇന്ത്യ ജേതാക്കളായ ഏകദിന ലോകകപ്പിന്റെ ടീമില്‍ നിന്നു പോലും രോഹിത് തഴയപ്പെട്ടു.

2007ലെ അരങ്ങേറ്റം മുതല്‍ 2013 വരെയുള്ള കാലഘട്ടമെടുത്താല്‍ രോഹിത്തിന്റെ ബാറ്റിങ് ശരാശരി 30ന്റെ മധ്യത്തിലായിരുന്നു. 80 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു വെറും രണ്ടു സെഞ്ച്വറികളാണ് 13 വരെ നേടാനായത്. നേടിയതാവട്ടെ 2000ത്തില്‍ താഴെ റണ്‍സുമായിരുന്നു. 2012ല്‍ ശ്രീലങ്കയ്‌ക്കെതിരേ അഞ്ചു മല്‍സരങ്ങളില്‍ നിന്നും വെറും 13 റണ്‍സ് മാത്രമെടുത്ത് വന്‍ ഫ്‌ളോപ്പായതോടെ രോഹിത്തിന്റെ കരിയര്‍ അവസാനിച്ചെന്നായിരുന്നു സംശയിക്കപ്പെട്ടിരുന്നത്.

 രോഹിത് ശര്‍മ 2.0- ധോണിയുടെ 'കണ്ടുപിടുത്തം'

രോഹിത് ശര്‍മ 2.0- ധോണിയുടെ 'കണ്ടുപിടുത്തം'

രോഹിത് ശര്‍മയുടെ കരിയര്‍ മാറ്റിമറിച്ചത് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. ധോണിയില്ലെങ്കില്‍ ഇന്നു കാണുന്ന ഹിറ്റ്മാനും ഉണ്ടാവില്ലായിരുന്നുവെന്നു നിസംശയം പറയാം. 2013 ആയിരുന്നു രോഹിത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായ വര്‍ഷം. അതുവരെ മധ്യനിരയില്‍ വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്തിരുന്ന അദ്ദേഹത്തെ ധോണി ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തു. ഓപ്പണറാവാനുള്ള പ്രഹരശേഷി രോഹിത്തിനുണ്ടെന്നു തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇങ്ങനെയൊരു പരീക്ഷണം. ധോണിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ഓപ്പണിങില്‍ രോഹിത്തിന്റെ മറ്റൊരു മുഖം ക്രിക്കറ്റ് ലോകം കണ്ടു. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല.

2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിത് ആദ്യമായി ഓപ്പണറായി ഇറങ്ങിയത്. ശിഖര്‍ ധവാനായിരുന്നു ഓപ്പണിങ് പങ്കാളി. ഈ ജോടി വന്‍ വിജയമായി മാറുകയും ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തു. ഇതേ വര്‍ഷം അവസാനത്തോടെ ഏകദിനത്തിലെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറിയും രോഹിത് കുറിച്ചിരുന്നു. പിന്നീട് രണ്ടു ഡബിളുകള്‍ കൂടി നേടിയ അദ്ദേഹം ലോക റെക്കോര്‍ഡിനും അവകാശിയായി.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ രോഹിത് വാരിക്കൂട്ടിയ 264 റണ്‍സ് ഇന്നും ലോക റെക്കോര്‍ഡായി തുടരുകയാണ്. പിന്നീട് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഹിറ്റ്മാന്റെ പടയോട്ടം തന്നെയാണ് കണ്ടത്.

 രോഹിത് ശര്‍മ 3.0- ഇന്ത്യയുടെ പുതിയ കിങ്

രോഹിത് ശര്‍മ 3.0- ഇന്ത്യയുടെ പുതിയ കിങ്

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ കിങായി മാറിയിരിക്കുകയാണ് രോഹിത്. വിരാട് കോലിയുടെ കസേര തെറിപ്പിച്ചാണ് നിശ്ചിത ഓവര്‍ ടീമുകളുടെ കടിഞ്ഞാണ്‍ ഹിറ്റ്മാന്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തേ കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം മിന്നിച്ചിട്ടുണ്ട്. ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവയില്‍ ഇന്ത്യയെ രോഹിത് ചാംപ്യന്‍മാരാക്കുകയും ചെയ്തു.

ഇന്ത്യയെ നയിച്ച മല്‍സരങ്ങളില്‍ ബാറ്റിങിലും അദ്ദേഹം തിളങ്ങിയിരുന്നു. ഏകദിനത്തില്‍ 10 മല്‍സരങ്ങളിലാണ് രോഹിത് ക്യാപ്റ്റനായത്. ഇവയില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമടക്കം 542 റണ്‍സ് ഹിറ്റ്മാന്‍ അടിച്ചെടുക്കുകയും ചെയ്തു. 77.57 എന്ന തകര്‍പ്പന്‍ ശരാശരിയിലായിരുന്നു ഇത്. ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ ശേഷിയുള്ള ക്യാപ്റ്റനാണ് താനെന്നു രോഹിത്തിന്റെ ഈ പ്രകടനങ്ങള്‍ തെളിയിക്കുന്നു.

ഐപിഎല്ലിലേക്കു വന്നാല്‍ 2013 മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിക്കുന്നത് രോഹിത്താണ്. അഞ്ചു തവണ ടീമിനെ ജേതാക്കളാക്കി മറ്റൊരു ക്യാപ്റ്റനും സാധിക്കാത്ത നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, December 9, 2021, 17:21 [IST]
Other articles published on Dec 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X