മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി ജൂണ്‍ രണ്ടിന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകും. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുമാണ് പര്യടനത്തിലുള്ളത്. ഇതിനിടെ ജൂലൈയില്‍ ഇന്ത്യയുടെ ബി ടീമെന്ന് വിശേഷിപ്പിക്കുന്ന യുവതാരനിര ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. മൂന്ന് ഏകദിനവും അഞ്ച് ടി20യും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കുക.
ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂലൈയില്‍ പരമ്പര നടക്കുമെന്നാണ് ബിസിസി ഐ വ്യക്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ അത് മുന്നില്‍ കണ്ട് ശ്രീലങ്കയിലേക്ക് യുവതാരങ്ങളെ അയക്കാനാവും ബിസിസി ഐ ശ്രമിക്കുക. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പരമ്പരയില്‍ അവസരമുണ്ടാകുമോയെന്നത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്.
എന്നാല്‍ കുല്‍ദീപിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. 2019ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യയുടെ വിശ്വസ്തനായ സ്പിന്നര്‍മാരിലൊരാളായിരുന്നു കുല്‍ദീപ്. എന്നാല്‍ സമീപകാലത്തായി അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ട് മത്സരത്തിലും കുല്‍ദീപിന് അവസരം നല്‍കിയപ്പോള്‍ 68,84 എന്നിങ്ങനെ റണ്‍സ് വഴങ്ങി. രണ്ട് മത്സരത്തിലും വിക്കറ്റ് നേടാനുമായില്ല.

ആത്മവിശ്വാസമില്ലാത്ത ബൗളിങ്ങാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. പന്തെറിഞ്ഞപ്പോഴെല്ലാം നന്നായി തല്ലുവാങ്ങുകയും വിക്കറ്റ് എടുക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും താരത്തെ തഴഞ്ഞു. 2021 സീസണില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും നിലവില്‍ പുറത്തുള്ള കുല്‍ദീപിന് മടങ്ങിവരിക പ്രയാസം തന്നെയാണ്.
ശ്രീലങ്കന്‍ പരമ്പരയില്‍ സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തി,യുസ് വേന്ദ്ര ചഹാല്‍,രാഹുല്‍ ചഹാര്‍ എന്നിവരെ പരിഗണിക്കുമെന്നാണ് വിവരം. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രാഹുല്‍ തെവാത്തിയയും ക്രുണാല്‍ പാണ്ഡ്യയും ഇടം പിടിച്ചേക്കും. സമീപകാലത്ത് മികവ് കാട്ടാന്‍ സാധിക്കാത്ത കുല്‍ദീപ് ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാവാന്‍ സാധ്യതയില്ല. അതിനാല്‍ത്തന്നെ ശ്രീലങ്കന്‍ പര്യടനത്തിലും ഇടം ലഭിച്ചേക്കില്ല.
ഇന്ത്യക്കായി ഏഴ് ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റും 63 ഏകദിനത്തില്‍ നിന്ന് 105 വിക്കറ്റും 20 ടി20യില്‍ നിന്ന് 39 വിക്കറ്റും 45 ഐപിഎല്ലില്‍ നിന്ന് 40 വിക്കറ്റുമാണ് കുല്‍ദീപ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ഭാവി സ്പിന്നറെന്ന് വിശേഷണം നേടിയെങ്കിലും 26കാരനായ താരത്തിന് സ്ഥിരതയോടെ മുന്നോട്ട് പോകാനായില്ല. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങിയാല്‍ ചിലപ്പോള്‍ കുല്‍ദീപിന് തിരിച്ചുവരവ് സാധ്യമായേക്കും.