ഹാർദിക് കൊൽക്കത്തയിലേക്ക് ചേക്കേറുമോ? മുംബൈ ഇന്ത്യൻസ് പണം മാത്രം വാങ്ങി വിടില്ല! ആകാശ് ചോപ്ര പറയുന്നത്
അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി നിലവിലെ മുംബൈ ഇന്ത്യൻസ് നായകനായ ഹാർദിക് പാണ്ഡ്യയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. കെകെആറിന് ഹാർദിക്കിനെ ടീമിലെത്തിക്കണമെന്ന ആഗ്രഹമുണ്ടായാലും, മുംബൈ ഇന്ത്യൻസ് വെറും പണം മാത്രം വാങ്ങി താരത്തെ വിട്ടുകൊടുക്കില്ലെന്നാണ് ചോപ്രയുടെ വിലയിരുത്തൽ.
കെകെആറിന്റെ സഹഉടമകൾ ഹാർദിക് പാണ്ഡ്യയെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് നിലവിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. എന്നാൽ, ഇത്തരമൊരു ട്രേഡ് യാഥാർഥ്യമാകണമെങ്കിൽ കെകെആറിൽ നിന്ന് തുല്യ നിലവാരമുള്ള ഒരു താരത്തെ മുംബൈയ്ക്ക് നൽകേണ്ടിവരുമെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്.

ഹാർദിക് പ്രധാനമായും ഫിനിഷറുടെ റോളിലാണ് കളിക്കുന്നത്. അതിനാൽ, കെകെആർ നിരയിൽ നിന്ന് പരിഗണിക്കാവുന്ന പ്രധാന താരം റിങ്കു സിംഗ് ആണെന്ന് ചോപ്ര പറയുന്നു. എന്നാൽ മുംബൈ ഇന്ത്യൻസ് നിരയിൽ ഇതിനകം തന്നെ തിലക് വർമ്മ ഉള്ള സാഹചര്യത്തിൽ റിങ്കുവിനെ ഉൾപ്പെടുത്തിയുള്ള ഒരു കരാറിന് വലിയ അർത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കെകെആറിന്റെ മിസ്‌റ്ററി സ്‌പിന്നറായ വരുൺ ചക്രവർത്തിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കാൻ താൽപര്യപ്പെടുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. കൂടാതെ യുവ പേസറായ ഹർഷിത് റാണയുംട്രേഡ് ചർച്ചകളിൽ ഉൾപ്പെടാവുന്ന താരമാണെന്ന് അദ്ദേഹം പറഞ്ഞു. ബൗളിംഗ് രംഗത്ത് ഹാർദിക്കിനെക്കാൾ മികച്ച ഓപ്ഷനായി ഹർഷിത് റാണയെ കാണാമെന്നും, മുംബൈയ്ക്ക് അത് ഗുണകരമാകുമെന്നും അദ്ദേഹം വിലയിരുത്തി.
കഴിഞ്ഞ സീസൺ ഹാർദിക് പാണ്ഡ്യയ്ക്ക് അത്ര മികച്ചതായിരുന്നില്ല. ബാറ്റുകൊണ്ട് 206 റൺസ് മാത്രം നേടിയ അദ്ദേഹം 138.26 എന്ന സ്‌ട്രൈക്ക് റേറ്റാണ് രേഖപ്പെടുത്തിയത്. ബൗളിംഗിൽ വെറും നാല് വിക്കറ്റുകൾ മാത്രമാണ് നേടാനായത്. നായകനെന്ന നിലയിലും ടീമിനെ പ്രതീക്ഷിച്ച വിജയങ്ങളിലേക്ക് നയിക്കാൻ ഹാർദിക്കിന് സാധിച്ചില്ല. ടീം ആവട്ടെ പ്ലേ ഓഫിലേക്ക് യോഗ്യത പോലും നേടാതെയാണ് ഇക്കുറി പുറത്തായത്.
ഇതോടെ ഹാർദിക് പാണ്ഡ്യയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. എന്നാൽ നിലവിൽ ഇത് അഭ്യൂഹങ്ങളുടെ തലത്തിൽ മാത്രമാണുള്ളത്. മുംബൈ ഇന്ത്യൻസ് പോലൊരു ഫ്രാഞ്ചൈസി അവരുടെ നായകനെ വിട്ടുനൽകാൻ തയ്യാറാകുമോയെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എങ്കിലും ഹാർദിക് ടീം വിട്ടേക്കുമെന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങൾ അടുത്തകാലത്തായി കൂടുതൽ ശക്തമാണ്.
അതിന് പ്രധാന കാരണമായി വിലയിരുത്തുന്നത് ടീമിലെ മറ്റ് പല താരങ്ങൾക്കും ഹാർദിക് പാണ്ഡ്യയോടുള്ള എതിർപ്പ് തന്നെയാണ്. പ്രത്യേകിച്ച് ബുമ്ര അടക്കമുള്ള സീനിയർ താരങ്ങളിൽ പലരും ഹാർദികിന്റെ സാന്നിധ്യത്തിൽ അസംതൃപ്‌തരാണ് എന്ന തരത്തിൽ പല റിപ്പോർട്ടുകളും മുൻപ് വന്നിരുന്നു. അങ്ങനെയെങ്കിൽ ഇക്കുറി ഹാർദിക് കൂടുമാറുമോ എന്നാണ് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications