അഭിഷേകിന് പണി കിട്ടാൻ സാധ്യത, വൈഭവ് ടീമിൽ എത്തിയേക്കും! ഇംഗ്ലണ്ടിനെതിരായ പരമ്പരയുടെ വൻ അപ്ഡേറ്റ്
അയർലൻഡിനെതിരായ ടി20 പരമ്പരയിലെ നാണംകെട്ട വൈറ്റ്‌വാഷിന് (0-2) പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുങ്ങുന്നു. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഇന്ദ്രനീൽ ബസു പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ കൗമാര ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശി ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിലേക്ക് എത്തിയേക്കും.
മോശം ഫോമിലുള്ള യുവ ഓപ്പണർ അഭിഷേക് ശർമയെ മാറ്റിയാകും വൈഭവിന് അവസരം നൽകുക എന്നാണ് ലഭിക്കുന്ന സൂചനകൾ. ജൂലൈ 1 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് തൊട്ടുമുമ്പ് പുറത്തുവന്ന ഈ വാർത്ത ക്രിക്കറ്റ് വാര്ത്തകളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

അയർലൻഡിൽ ഏറ്റ നാണക്കേടും ബാറ്റിംഗ് തകർച്ചയും
അയർലൻഡിനെതിരെ നടന്ന രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി പരാജയങ്ങളിലൊന്നാണ്. പ്രമുഖ താരങ്ങൾ പലരുമില്ലാതിരുന്ന ഐറിഷ് പടയ്ക്ക് മുന്നിൽ രണ്ടാം ടി20യിൽ ഒരു റണ്ണിനാണ് ഇന്ത്യ മുട്ടുകുത്തിയത്. ഇന്ത്യയുടെ തുടർച്ചയായ 16 ടി20 പരമ്പരകളുടെ വിജയക്കുതിപ്പിനാണ് ബെൽഫാസ്റ്റിൽ അന്ത്യമായത്.
ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കടുത്ത പരാജയമാണ് ഈ തകർച്ചയ്ക്ക് കാരണമായത്. പ്രത്യേകിച്ച് ഓപ്പണിംഗിൽ സഞ്ജു സാംസണും അഭിഷേക് ശർമയും വരുത്തിയ തുടർച്ചയായ വീഴ്ചകൾ മാനേജ്‌മെന്റിനെ കടുത്ത തീരുമാനങ്ങളിലേക്ക് ചിന്തിപ്പിച്ചു. രണ്ടാം ടി20യിൽ ആദ്യ ഓവറിൽ തന്നെ സഞ്ജുവും അഭിഷേകും പൂജ്യത്തിന് പുറത്തായത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു. 2026-ൽ മാത്രം അന്താരാഷ്ട്ര ടി20യിൽ ഇത് ആറാം തവണയാണ് അഭിഷേക് ശർമ പൂജ്യത്തിന് പുറത്താകുന്നത്. ഈ മോശം ഫോം തന്നെയാണ് താരത്തിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്താൻ കാരണമാകുന്നതും.
ഐപിഎല്ലിൽ മികച്ച ഫോം കണ്ടെത്തിയെങ്കിലും അന്താരാഷ്ട്ര തലത്തിൽ കഴിഞ്ഞ ടി20 ലോകകപ്പിലും അയർലാൻഡ് സീരീസിലും അത്ര ശുഭകരമല്ലാത്ത ഫോമാണ് തുടരുന്നത്. ആദ്യ ടി20യിൽ അർധ സെഞ്ച്വറി നേടിയെങ്കിലും അത് പ്രയോജനമില്ലാതെയും പോയി. വളരെ ചെറിയ പ്രായത്തിൽ തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവ്, തന്റെ അഗ്രസീവ് ബാറ്റിംഗ് ശൈലി കൊണ്ടും അസാമാന്യ ടൈമിംഗ് കൊണ്ടും ഇതിനകം തന്നെ കൈയ്യടി നേടിക്കഴിഞ്ഞു. ശ്രീലങ്ക അഫ്ഗാനിസ്ഥാൻ എ ടീമുകൾക്കെതിരെ ഇന്ത്യ എ പങ്കെടുത്ത ത്രിരാഷ്ട്ര സീരീസിന്റെ ഫൈനലിൽ വൈഭവ് 29 പന്തുകളിൽ നിന്നും 94 റൺസ് നേടിയിരുന്നു.
ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് പവർപ്ലേ ഓവറുകളിൽ വേഗത്തിൽ റൺസ് കണ്ടെത്താൻ കഴിയുന്ന ഒരു 'എക്സ്-ഫാക്ടർ' താരത്തെയാണ് നിലവിൽ ഗൗതം ഗംഭീറിനും സംഘത്തിനും ആവശ്യം. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ വൈഭവിന്റെ മിന്നും ഫോം കണക്കിലെടുക്കുമ്പോൾ, ഇംഗ്ലണ്ടിലെ കഠിനമായ സാഹചര്യങ്ങളിൽ ടീമിന് ഒരു പുതിയ ഊർജ്ജം നൽകാൻ ഈ കൗമാരക്കാരന് സാധിക്കുമെന്നാണ് വിലയിരുത്തൽ. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം ഉടൻ ഉണ്ടായേക്കുമെന്ന് പ്രവചിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications