അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എബി ഡിവില്ലിയേഴ്‌സ് മടങ്ങിയെത്തുമോ? മാര്‍ക്ക് ബൗച്ചര്‍ പറയുന്നു
കേപ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റിലെ ചാമ്പ്യന്മാരുടെ നിരയായാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ സമീപകാലത്തെ ടീമിന്റെ പ്രകടനം വളരെ നിരാശാജനകമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണവര്‍. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ മികച്ചൊരു തിരിച്ചുവരവ് നടത്തേണ്ടത് ടീമിനെ സംബന്ധിച്ച് അത്യാവശ്യ കാര്യമാണ്. നിലവിലെ ടീമില്‍ പരിചയസമ്പന്നരായ താരങ്ങളുടെ അഭാവമുണ്ട്. അതിനാല്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക് എബി ഡിവില്ലിയേഴ്‌സിനെ തിരികെ എത്തിക്കാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ശ്രമിച്ചിരുന്നു.
2019ലെ ഏകദിന ലോകകപ്പിന് മുമ്പായി എബിഡിയോട് തിരികെ വരാന്‍ ആവിശ്യപ്പെട്ടപ്പോള്‍ വിരമിക്കല്‍ തീരുമാനത്തില്‍ അദ്ദേഹം ഉറച്ച് നിന്നു. എന്നാല്‍ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പില്‍ കളിപ്പിക്കാമെന്ന തരത്തിലേക്ക് അദ്ദേഹം നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ടി20 ലോകകപ്പ് ഇത്തവണ ഓസ്‌ട്രേലിയയില്‍ നടത്താനായില്ല. ഇനി അടുത്ത വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കുക. ഇതില്‍ എബിഡി പങ്കെടുക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഇപ്പോഴിതാ എബിഡിയുടെ മടങ്ങിവരവിനെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍. 'കോവിഡിന് മുമ്പ് എബിഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവന്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നിടത്തോളം ചര്‍ച്ചകള്‍ നടത്തും. പ്രതീക്ഷയോടെയാണ് മുന്നോട്ടുള്ള കാര്യങ്ങളെ കാണുന്നത്. ഇത്തവണത്തെ ഐപിഎല്ലിലും മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്'-ബൗച്ചര്‍ പറഞ്ഞു.
ഇത്തവണത്തെ ഐപിഎല്ലിലും ആര്‍സിബിക്കൊപ്പം തിളങ്ങാന്‍ എബിഡിക്ക് സാധിച്ചിരുന്നു. 15 മത്സരത്തില്‍ നിന്ന് 454 റണ്‍സാണ് അദ്ദേഹം നേടിയത്. പഴയ കളി ശൈലി ഇപ്പോഴും നിലനിര്‍ത്താന്‍ എബിഡിക്ക് സാധിക്കുന്നുണ്ട്. ഐപിഎല്ലില്‍ മാത്രമല്ല മറ്റ് പല ടി20 ലീഗുകളിലും എബിഡി സജീവമാണ്. അതിനാല്‍ ടി20 ഫോര്‍മാറ്റിലേക്ക് എബിഡിയെ തിരികെ എത്തിക്കാം എന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കയുള്ളത്.
2018 മെയ് മാസത്തിലാണ് അപ്രതീക്ഷിതമായി എബിഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കുന്ന സീസണിലും മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചിരുന്നു. എന്നിട്ടും വിരമിക്കല്‍ പ്രഖ്യാപിച്ചതാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച എബിഡിക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നിരുന്നു. ഇനി ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ എബിഡി തയ്യാറാകുമോയെന്ന് കണ്ടറിയണം. എന്തായാലും അടുത്ത സീസണിലും ഐപിഎല്ലില്‍ എബിഡി കളിക്കുമെന്ന കാര്യം ഉറപ്പാണ്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 114 ടെസ്റ്റില്‍ നിന്ന് 8765 റണ്‍സും 228 ഏകദിനത്തില്‍ നിന്ന് 9577 റണ്‍സും 78 ടി20യില്‍ നിന്ന് 1672 റണ്‍സും എബിഡി നേടിയിട്ടുണ്ട്. 169 ഐപിഎല്ലില്‍ നിന്നായി 4849 റണ്‍സും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications