മെല്‍ബണ്‍: ഭാഗ്യം കൊണ്ട് കിട്ടിയ സ്റ്റംപിങുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ലോകറെക്കോര്‍ഡ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ സ്റ്റംപിങുകള്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ക്യാപ്റ്റന്‍ കൂള്‍ ധോണിയെ തേടിയെത്തിയത്. മെല്‍ബണില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ജയിംസ് ഫോക്‌നറെയാണ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്.
പതിനേഴാം ഓവറിന്റെ അവസാന പന്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. സ്പിന്നര്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ ഫോക്‌നര്‍ നല്‍കിയ ക്യാച്ച് കൈവിട്ടെങ്കിലും ധോണിയുടെ പാഡില്‍ തട്ടി പന്ത് വിക്കറ്റിലേക്ക് വീഴുകയായിരുന്നു. ഫോക്‌നര്‍ ക്രീസിന് പുറത്തായിരുന്നു എന്ന് റീപ്ലേകളില്‍ വ്യക്തമായി. ധോണിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതോടെ 140 സ്റ്റംപിങുകള്‍ തികഞ്ഞു.

ശ്രീലങ്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനും കീപ്പറുമായ കുമാര്‍ സങ്കക്കാരയെ ആണ് ധോണി മറികടന്നത്. സങ്കയുടെ പേരില്‍ 139 സ്റ്റംപിങുകളുണ്ട്. 101 സ്റ്റംപിങുകളുമായി ശ്രീലങ്കയുടെ തന്നെ രമേഷ് കലുവിതരണയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. പാകിസ്താന്റെ മോയിന്‍ ഖാന്‍ (93), ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് (92) എന്നിവരാണ് ലോകത്തെ മറ്റ് പ്രധാന സ്റ്റംപര്‍മാര്‍. ഇവരില്‍ ധോണിയൊഴികെ ആരും ഇപ്പോള്‍ കളിക്കുന്നില്ല.
മെല്‍ബണിലെ മത്സരത്തില്‍ ധോണിയുടെ രണ്ടാമത്തെ സ്റ്റംപിങായിരുന്നു ഇത്. നേരത്തെ യുവരാജ് സിങിന്റെ പന്തില്‍ തകര്‍പ്പന്‍ ഒരു സ്റ്റംപിങോടെ ധോണി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കിയിരുന്നു. ഷെയ്ന്‍ വാട്‌സനെ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കിയ രവീന്ദ്ര ജഡേജയുടെ രണ്ടാം വിക്കറ്റായിരുന്നു ഫോക്‌നറുടേത്. മത്സരം 27 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയും സ്വന്തമാക്കി.