T20 WC 2026: ഒരാൾ വീണാൽ അടുത്തവൻ തല്ലും! ടിമിലുള്ള എട്ടും മാച്ച് വിന്നർമാർ, കപ്പ് ഇത്തവണ പ്രോട്ടീസ് തൂക്കുമോ?
2026 ടി20 ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ടീം ഏതെന്ന് ചോദിച്ചാൽ ഇപ്പോൾ ലോകക്രിക്കറ്റിന് ഒരൊറ്റ ഉത്തരമേയുള്ളൂ—ദക്ഷിണാഫ്രിക്ക! സൂപ്പർ 8 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ 76 റൺസിന് തകർത്തുവിട്ടതോടെ പ്രോട്ടീസിനെ 'ചോക്കേഴ്സ്' എന്ന് വിളിച്ചവർ പോലും ഇപ്പോൾ ഞെട്ടിയിരിക്കുകയാണ്. ഭയരഹിതമായ ബാറ്റിംഗും കൃത്യമായ പ്ലാനിംഗുമായി മുന്നേറുന്ന എയ്ഡൻ മാർക്രമും സംഘവും ഇത്തവണ ലോകകിരീടം ദക്ഷിണാഫ്രിക്കയിൽ എത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ.
എട്ടാം നമ്പർ വരെ വെടിക്കെട്ട്:
ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ കരുത്ത് അവരുടെ അവിശ്വസനീയമായ ബാറ്റിംഗ് ഡെപ്ത് ആണ്. എട്ടാം നമ്പറിൽ ഇറങ്ങുന്ന കോർബിൻ ബോഷ് വരെ തകർപ്പൻ ബാറ്റിംഗ് കാഴ്ചവെക്കാൻ ശേഷിയുള്ളയാളാണ്. ക്യാപ്റ്റൻ എയ്ഡൻ മാർക്രം നിർണ്ണായക നിമിഷങ്ങളിൽ പതറാതെ ടീമിനെ നയിക്കുന്നു. ഒരു താരം പരാജയപ്പെട്ടാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റൊരു മാച്ച് വിന്നർ തയ്യാറായി നിൽക്കുന്നു എന്നതാണ് ഈ ടീമിന്റെ പ്രത്യേകത.

ക്വിന്റൺ ഡി കോക്ക് പരാജയപ്പെട്ടാൽ റയാൻ റിക്കൽട്ടൺ റൺസ് കണ്ടെത്തുന്നു. റിക്കൽട്ടൺ വീണാൽ ഡെവാൾഡ് ബ്രെവിസ് എന്ന യുവ സെൻസേഷൻ കളി ഏറ്റെടുക്കുന്നു. ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ യാൻസൻ എന്നിവർ അടങ്ങുന്ന ബാറ്റിംഗ് നിര ഏത് വമ്പൻ ബൗളിംഗ് നിരയെയും തകർക്കാൻ ശേഷിയുള്ളവരാണ്. എട്ടാം നമ്പറിൽ കോർബിൻ ബോഷ് കൂടി എത്തുന്നതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് പൂർണ്ണത ലഭിക്കുന്നു.
ഭയരഹിതമായ സമീപനം:
ഇടംകൈയ്യൻ-വലംകൈയ്യൻ ബാറ്റർമാരുടെ കൃത്യമായ കോമ്പിനേഷൻ എതിരാളികളുടെ ബൗളിംഗ് പ്ലാനുകളെ തകർക്കുന്നു. ഇന്ത്യയ്ക്കെതിരെ അവർ കാഴ്ചവെച്ച ഫിയർലെസ് ബാറ്റിംഗ് ഇതിന് തെളിവാണ്. ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിക്കുന്ന ഇവരിൽ, രണ്ട് അല്ലെങ്കിൽ മൂന്ന് പേർ ഫോമിലായാൽ സ്കോർ ബോർഡിൽ 200 റൺസ് പ്രത്യക്ഷപ്പെടും എന്നതിൽ യാതൊരു സംശയവും വേണ്ട. ടൂർണമെന്റിലെ ഏറ്റവും ബാലൻസ്ഡ് ആയ ടീമും ദക്ഷിണാഫ്രിക്ക തന്നെയാണ്. ഇന്ത്യയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ മുന്നേറുന്ന പ്രോട്ടീസ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
ദക്ഷിണാഫ്രിക്കയുടെ തുറുപ്പുചീട്ടുകൾ:
ടോപ്പ് ഓർഡർ: ഡി കോക്ക്, റിക്കൽട്ടൺ, മാർക്രം.
മിഡിൽ ഓർഡർ: ബ്രെവിസ്, മില്ലർ, സ്റ്റബ്സ്.
ഓൾറൗണ്ട് കരുത്ത്: യാൻസൻ, കോർബിൻ ബോഷ്.
ബൗളിങ്ങിലേക്ക് വരുമ്പോഴും പ്രോട്ടീസ് നിര അതിശക്തമാണ്. ടീം പ്ലാനിന് അനുസരിച്ച് ബൗളറുടെ വേഷമണിയുന്ന ക്യാപ്റ്റൻ എയ്ഡൻ മാർക്രമിൽ നിന്നു തന്നെ ബൗളിങ് കരുത്തിനെക്കുറിച്ച് പറഞ്ഞു തുടങ്ങാം. ഇന്ത്യയ്ക്കെതിരെ നാല് വിക്കറ്റുകൾ വീഴ്ത്തി കളിയിലെ താരമായ മാർക്കോ യാൻസൻ, അപകടകാരിയായ കഗീസോ റബാഡ, ലുംഗി എംഗിഡി, സ്പിന്നർ കേശവ് മഹാരാജ്, കോർബിൻ ബോഷ് തുടങ്ങി ആരെയും വിറപ്പിക്കുന്ന ബൗളിങ് നിര. ഗ്രൂപ്പ് സ്റ്റേജിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ സൂപ്പർ ഓവർ വിജയം പോലും ദക്ഷിണാഫ്രിക്ക എന്ന ടീമിനെ ഒരിക്കലും തള്ളിക്കളയരുത് എന്നതിന് ഏറ്റവും വലിയ തെളിവാണ്. 2024 ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടത് ഇത്തവണ പ്രോട്ടീസ് നിര തിരിച്ച് പിടിക്കുമോ.? കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications