കറാച്ചി: ഒരു ക്രിക്കറ്റ് പരമ്പരയെ ചൊല്ലി എന്തിനാണ് ഇത്ര വലിയ ചര്‍ച്ചകളും തര്‍ക്കങ്ങളും. ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിച്ചില്ലെങ്കില്‍ ഇവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നത് - സംശയം പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ മുഹമ്മദ് യൂസഫിന്റേതാണ്. ബഹളങ്ങള്‍ കാണുന്ന ആരും മുഹമ്മദ് യൂസഫിന്റെ അഭിപ്രായത്തോട് യോജിച്ചുപോകും. അത്രമാത്രം വലിയ ആനക്കാര്യം പോലെയാണ് ഇത് ചര്‍ച്ചകളില്‍ നിറയുന്നത്.
എനിക്ക് മനസിലാകുന്നില്ല എന്തിനാണ് ഇത്രയും വലിയ ബഹളങ്ങളെന്ന്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിച്ചില്ല എന്ന് തന്നെ ഇരിക്കട്ടെ, അത് ലോക ക്രിക്കറ്റിനെയോ ഇന്ത്യയുടെയോ പാകിസ്താന്റെയോ ക്രിക്കറ്റിനെയോ ബാധിക്കാന്‍ പോകുന്നില്ല. തങ്ങള്‍ കളിച്ചിരുന്ന കാലത്തും 2004 -07 വര്‍ഷങ്ങളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും സ്ഥിരമായി ക്രിക്കറ്റ് കളിച്ചിരുന്നത് എന്നും യൂനിസ് പറഞ്ഞു.

മറ്റ് കാലഘട്ടങ്ങളിലെല്ലാം ഇന്ത്യ - പാക് പരമ്പരകള്‍ക്ക് അതിന്റേതായ കാലതാമസം ഉണ്ടായിട്ടുണ്ട്. എന്ന് കരുതി അത് ഇന്ത്യയിലെയോ പാകിസ്താനിലെയോ ക്രിക്കറ്റിനെ ബാധിച്ചിട്ടില്ല. പരസ്പരം കളിച്ചില്ല എന്ന് കരുതി അന്താരാഷ്ട്ര ക്രിക്കറ്റ് നിന്നുപോകുകയൊന്നും ഇല്ല. ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് പോകുന്നതിനെക്കാള്‍ ആഭ്യന്തര ക്രിക്കറ്റ് ശക്തിപ്പെടുത്താനാണ് പി സി ബി ശ്രമിക്കേണ്ടതെന്നും പാകിസ്താന്റെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ യൂനിസ് പറഞ്ഞു.
ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്ത്യ - പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര നടക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല. ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ ശ്രീലങ്കയില്‍ വെച്ച് കളികള്‍ നടന്നേക്കും എന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം. ശ്രീലങ്കയില്‍ വെച്ച് പരമ്പര നടത്താനാണ് ധാരണ. എന്നാല്‍ ഇത് സംബന്ധിച്ച് ബോര്‍ഡുകള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുമതി കിട്ടിയിട്ടില്ല.