IPL 2026:സഞ്ജുവിന്റെ പകരക്കാരനായി റിയാൻ പരാഗ് വന്നത് വെറുതെയല്ല,വിവാദങ്ങൾക്ക് വിരമമിട്ട് സംഗക്കാരയുടെ മറുപടി
സഞ്ജു സാംസൺ രാജസ്ഥാൻ വിട്ടതിന് ശേഷം ടീമിൽ നായകത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുക്കുന്നുണ്ടെന്നും അതിന്റെ അന്തിമ ഫലമായാണ് റിയാൻ പരാഗ് ക്യാപ്റ്റനായത് എന്നുമുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ടീമിൽ വലിയ പ്രശ്നങ്ങളുണ്ടെന്നും അതിനാലാണ് ജഡേജയക്ക് പകരം റിയാനെ നായകനാക്കിയത് എന്നത് പോലുള്ള നിരവധി റൂമറുകളാണ് എയറിൽ ഉള്ളത്. എന്നാൽ, ഈ ഊഹാപോഹങ്ങൾക്ക് എല്ലാം വിരാമം ഇട്ടുകൊണ്ട് ടീം മെന്ററും കോച്ചുമായ കുമാർ സംഗക്കാര തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ (CSK) ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് പരാഗിന്റെ പക്വതയും ടീമിനെക്കുറിച്ചുള്ള കാഴ്ചപ്പാടുമാണ് അദ്ദേഹത്തെ നായകസ്ഥാനത്തേക്ക് എത്തിച്ചതെന്ന് സംഗക്കാര വ്യക്തമാക്കിയത്. രവീന്ദ്ര ജഡേജ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളെ മറികടന്നാണ് ഈ അസം താരം നായകനായി തിരഞ്ഞെടുക്കപ്പെട്ടത്.

"കടുപ്പമേറിയ ചോദ്യങ്ങൾ, പക്വതയാർന്ന മറുപടികൾ!"
നായകസ്ഥാനത്തേക്ക് രവീന്ദ്ര ജഡേജ, സന്ദീപ് ശർമ്മ തുടങ്ങി അഞ്ച് പേരാണ് പരിഗണനയിലുണ്ടായിരുന്നത്. "ഞങ്ങൾ എല്ലാവരുമായും ദീർഘനേരം സംസാരിച്ചു. വളരെ ബുദ്ധിമുട്ടുള്ളതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ചോദ്യങ്ങളാണ് ഞങ്ങൾ ചോദിച്ചത്. അതിനെല്ലാം കൃത്യമായ കാഴ്ചപ്പാടോടെയും പക്വതയോടെയും മറുപടി നൽകാൻ റിയാൻ പരാഗിന് സാധിച്ചു. കേവലം ക്യാപ്റ്റനാകാനല്ല, മറിച്ച് ടീമിനെ നയിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് റിയാൻ വ്യക്തമാക്കി," സംഗക്കാര പറഞ്ഞു. സന്ദീപ് ശർമ്മ, ജഡേജ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറൽ തുടങ്ങിയ മുതിർന്ന താരങ്ങളുടെ പിന്തുണ പരാഗിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജു സാംസൺ പുറത്തേക്ക്; ജഡേജയും സാം കറനും അകത്തേക്ക്!
മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്‌സിന് നൽകി പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ടീമിലെത്തിച്ച തീരുമാനത്തെക്കുറിച്ചും സംഗക്കാര സംസാരിച്ചു. "സഞ്ജു ടീം വിട്ടതിൽ ഞങ്ങൾക്ക് വലിയ വിഷമമുണ്ട്. അദ്ദേഹം ഞങ്ങളുടെ അത്ഭുതകരമായ താരവും നായകനുമായിരുന്നു. എന്നാൽ ഈ ട്രേഡ് അനിവാര്യമായിരുന്നു. സഞ്ജുവിന് പകരം ഇതിഹാസ താരം ജഡേജയെയും സാം കറനെയും ലഭിച്ചത് ടീമിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തി," സംഗക്കാര വെളിപ്പെടുത്തി. എന്നാൽ പരിക്കിനെത്തുടർന്ന് സാം കറൻ ഈ സീസണിൽ കളിക്കില്ല എന്നത് രാജസ്ഥാന് തിരിച്ചടിയാണ്.
ഐപിഎൽ 2026-ലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിനാണ് ഇന്ന് ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഈ മത്സരത്തിന് ഇത്തവണ വലിയൊരു പ്രത്യേകതയുണ്ട്. രാജസ്ഥാന്റെ പടത്തലവനായിരുന്ന സഞ്ജു സാംസൺ ഇന്ന് ആദ്യമായി മഞ്ഞക്കുപ്പായത്തിൽ സിഎസ്കെയ്ക്കായി കളത്തിലിറങ്ങുമ്പോൾ, ചെന്നൈയുടെ ഇതിഹാസം രവീന്ദ്ര ജഡേജ തന്റെ പഴയ തട്ടകമായ രാജസ്ഥാൻ നിരയിലാണ് അണിനിരക്കുന്നത്. പരിക്കേറ്റ ധോണിയുടെ അഭാവത്തിൽ വിക്കറ്റിന് പിന്നിൽ സഞ്ജുവിന്റെ പ്രകടനം സിഎസ്കെയ്ക്ക് നിർണ്ണായകമാകും.
മറുഭാഗത്ത്, സഞ്ജുവിന് പകരം രാജസ്ഥാന്റെ നായകസ്ഥാനം ഏറ്റെടുത്ത റിയാൻ പരാഗിന് ഇത് അഗ്നിപരീക്ഷയാണ്. സ്വന്തം നാടായ ഗുവാഹത്തിയിൽ വെച്ച് ആദ്യമായി ടീമിനെ നയിക്കുന്നു എന്ന പ്രത്യേകത പരാഗിനുണ്ട്. ചെറിയ ബൗണ്ടറികളുള്ള ബർസാപാരയിലെ പിച്ച് ബാറ്റർമാരെ തുണയ്ക്കുന്നതായതിനാൽ ഒരു ഹൈ-സ്കോറിംഗ് ത്രില്ലറാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രാത്രി 7:30-ന് ആരംഭിക്കുന്ന ഈ പോരാട്ടത്തിൽ സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തും ജഡേജയുടെ സ്പിൻ തന്ത്രങ്ങളും തമ്മിലുള്ള മാറ്റുരയ്ക്കൽ കാണാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications