സ്പെയിൻ കളി ഒഴുവാക്കി, നാട്ടിലെ ക്യാമ്പ് റദ്ദാക്കി! ലോകകപ്പിന് മുൻപ് കോംഗോ ഫുട്ബോൾ ടീം നേരിടുന്നത് അഗ്നിപരീക്ഷ
ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DR Congo) 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയത്. 1974-ൽ 'സയർ' എന്ന പേരിൽ കളിച്ചതിന് ശേഷം ഇതാദ്യമായാണ് കോംഗോ ലോകകപ്പ് കളിക്കാൻ ഒരുങ്ങുന്നത്.
ചരിത്രപ്രധാനമായ ഈ നേട്ടത്തിന്റെ ആവേശത്തിലായിരുന്നു രാജ്യം മുഴുവൻ. എന്നാൽ ലോകകപ്പ് തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ കോംഗോയിൽ പടർന്നുപിടിച്ച 'എബോള' രോഗബാധ അവരുടെ എല്ലാ ഒരുക്കങ്ങളെയും താറുമാറാക്കിയിരിക്കുകയാണ്. യാത്രാവിലക്കുകളും കർശന ആരോഗ്യ നിയന്ത്രണങ്ങളും കാരണം കോംഗോ ടീം ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്.

സ്പെയിനിലെ സൗഹൃദ മത്സരം റദ്ദാക്കി
ലോകകപ്പിന് മുന്നോടിയായി സ്പെയിനിൽ വെച്ച് ചിലിയുമായി നടത്താനിരുന്ന സൌഹൃദ മത്സരം അധികൃതർ റദ്ദാക്കിയത് കോംഗോയ്ക്ക് വലിയ തിരിച്ചടിയായി. എബോള പടരുന്ന സാഹചര്യത്തിൽ കളി നടത്താൻ സ്പെയിനിലെ പ്രാദേശിക അധികാരികൾ അനുമതി നൽകിയില്ല. ഇതിനുപുറമെ സ്വന്തം നാട്ടിൽ നടത്താനിരുന്ന മൂന്ന് ദിവസത്തെ പരിശീലന ക്യാമ്പും ആരാധകർക്കായി ഒരുക്കിയ യാത്രയയപ്പ് ചടങ്ങും കോംഗോയ്ക്ക് വേണ്ടെന്നുറക്കേണ്ടി വന്നു. നിലവിൽ യൂറോപ്പിലുള്ള കളിക്കാരെ വെച്ച് ബെൽജിയത്തിൽ വെച്ചാണ് ടീം ഇപ്പോൾ പരിശീലനം നടത്തുന്നത്. ഫ്രഞ്ച് പരിശീലകനായ സെബാസ്റ്റ്യൻ ഡെസാബ്രെയും ഭൂരിഭാഗം കളിക്കാരും യൂറോപ്പിലുള്ളവരായതുകൊണ്ട് രോഗബാധയിൽ നിന്ന് അവർ രക്ഷപ്പെട്ടെങ്കിലും ടീമിന്റെ യാത്രകളും ഒരുക്കങ്ങളും വലിയ രീതിയിൽ ബുദ്ധിമുട്ടിലായിട്ടുണ്ട്.
എന്താണ് കോംഗോയിലെ യഥാർത്ഥ സാഹചര്യം?
2026 മെയ് പകുതിയോടെ കോംഗോയിലെ ഇതുരി പ്രവിശ്യയിലാണ് അപൂർവ്വ ഇനത്തിൽപ്പെട്ട 'ബുന്ദിബുഗ്യോ' എന്ന എബോള വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ഇതിനോടകം തന്നെ കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും നൂറുകണക്കിന് ആളുകൾക്ക് രോഗം ബാധിക്കുകയും നിരവധി പേർ മരണപ്പെടുകയും ചെയ്തു. ലോകാരോഗ്യ സംഘടന (WHO) ഇതേത്തുടർന്ന് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കോംഗോയിലെ ആഭ്യന്തര കലാപം കാരണം ആരോഗ്യ പ്രവർത്തകർക്ക് അവിടെ കൃത്യമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും സാധിക്കുന്നില്ല.
അമേരിക്കയുടെ കടുത്ത നിയന്ത്രണങ്ങൾ
രോഗബാധയുടെ പശ്ചാത്തലത്തിൽ ലോകകപ്പ് വേദിയായ അമേരിക്ക കോംഗോ ടീമിന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലേക്ക് കടക്കുന്നതിന് മുൻപ് കോംഗോ ടീമിലെ എല്ലാവരും 21 ദിവസം പ്രത്യേക സുരക്ഷിത വലയത്തിൽ (Isolation Bubble) കഴിയണം എന്നാണ് നിയമം. ഫിഫയും ലോകകപ്പ് സംഘാടകരും ഈ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കോംഗോ ടീമിലെ ഒരു കളിക്കാരന് പോലും നിലവിൽ രോഗബാധയില്ലെങ്കിലും ഈ അപ്രതീക്ഷിത പ്രതിസന്ധികൾ കളിക്കാരുടെ മാനസികാവസ്ഥയെയും കായികക്ഷമതയെയും ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ.
കോംഗോയുടെ ലോകകപ്പ് മത്സരക്രമം
ഇത്തരം വലിയ പ്രതിസന്ധികൾക്കിടയിലും ലോകകപ്പിലെ ഗ്രൂപ്പ് കെ (Group K) മത്സരങ്ങളിൽ കോംഗോ പോരാടാനിറങ്ങും. അവരുടെ മത്സരക്രമം ഇങ്ങനെയാണ്:
ജൂൺ 17: കോംഗോ Vs പോർച്ചുഗൽ (ഹൂസ്റ്റൺ)
ജൂൺ 23: കോംഗോ Vs കൊളംബിയ (ഗ്വാഡലഹാര)
ജൂൺ 27: കോംഗോ Vs ഉസ്ബെക്കിസ്ഥാൻ (അറ്റ്ലാന്റ)
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications