ഐപിഎല്ലില്‍ സിഎസ്കെ ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അവരുടെ ഉടമകളായ ഇന്ത്യ സിമന്റ്സാണെന്നു ദ്രാവിഡ് ചൂണ്ടിക്കാട്ടുന്നു. ഐപിഎല്ലിനു മുമ്പ് തന്നെ ചില ഫ്രാഞ്ചൈസികള്‍ നടത്തിയതിന്റെ അനുഭവസമ്പത്ത് അവര്‍ക്കുണ്ട്. ഐപിഎല്ലിലേകക്ക് സിഎസ്കെ വരുമ്പോള്‍ മറ്റു ടീമുകളില്‍ നിന്നും അവരെ മാറ്റി നിര്‍ത്തിയത് ഉടമകള്‍ ആരെന്നതു തന്നെയായിരുന്നു. ക്രിക്കറ്റ് ടീമുകളെ നേരത്തേയും മികച്ച രീതിയില്‍ നടത്തിയതിന്റെ അനുഭവസമ്പത്ത് ഇന്ത്യ സിമന്റ്സ് ഗ്രൂപ്പിനുണ്ടെന്നും ടിം വിഗ്മോര്‍, ഫ്രെഡ്ഡി വില്‍ഡെ എന്നിവര്‍ ചേര്‍ന്നു പുറത്തിറക്കിയ പുസ്കത്തില്‍ ദ്രാവിഡ് പറയുന്നു.
ഇന്ത്യ സിമന്റ്സ് ഗ്രൂപ്പിനു കീഴിലുള്ള ഏറ്റവും വലിയ ടീം സിഎസ്കെ തന്നെയാണെന്നതില്‍ സംശയമില്ല. അങ്ങനെ നോക്കുമ്പോള്‍ സിഎസ്കെയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോവാന്‍ ശേഷിയുള്ള ഒരു സംഘം അവര്‍ക്കുണ്ടായിരുന്നു. മാത്രമല്ല സിഎസ്കെയുടെ സ്കൗട്ടിങ് സംവിധാനവും മികച്ചതായിരുന്നു. പ്രതിഭയുള്ള താരങ്ങളെ കണ്ടെത്തി തങ്ങളുടെ ഫ്രാഞ്ചൈസിയിലേക്കു കൊണ്ടു വരാന്‍ ഇത് അവരെ സഹായിക്കുകയും ചെയ്തു. മറ്റു ഫ്രാഞ്ചൈസികള്‍ക്ക് ഒന്നും ഇല്ലാതിരുന്നതും ഇത് തന്നെയാണെന്നു ദ്രാവിഡ് വിലയിരുത്തി.
സിഎസ്കെയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍സിബിയുടെ ഏറ്റവും വലിയ വീക്ക്നെസ് ഇവ തന്നെയാണെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ആര്‍സിബിക്കു ഒരിക്കലും മികവ് പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. ഇതുവരെ ആര്‍സിബിക്കു സന്തുലിതമായ ഒരു ടീമിനെ തിരഞ്ഞെടുക്കാനായിട്ടുണ്ടെന്നു തനിക്കു തോന്നിയിട്ടില്ല. ടീം സെലക്ഷനിലും ലേലത്തിലുമെല്ലാം ദയനീയമെന്നു മാത്രമേ ആര്‍സിബിയെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂവെന്നും ദ്രാവിഡ് പറയുന്നു.
പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താന്‍ ഒരു ടീമിന് അനുവാദമുള്ളൂവെങ്കിലും നിരവധി വിദേശ താരങ്ങള്‍ ഫ്രാഞ്ചൈസിയിലുണ്ടാവും. അവരില്‍ നിന്നും ഏറ്റവും മികച്ച നാലു വിദേശ താരങ്ങളെയാണ് കളിപ്പിക്കേണ്ടത്. ഇക്കാര്യത്തില്‍ സിഎസ്കെയ്ക്കു ഒരിക്കലും പിഴച്ചിട്ടില്ല. മികച്ച നാലു വിദേശ താരങ്ങള്‍ എല്ലായ്പ്പോഴും അവരുടെ പ്ലെയിങ് ഇലവനിലുണ്ടാവുകയും ചെയ്യും. ഇതാണ് സിഎസ്കെയെ ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സഹായിക്കുന്നതെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.
ശക്തമായ ബൗളിങ് നിരയുണ്ടെന്നതാണ് സിഎസ്കെയുടെ മറ്റൊരു ശക്തിയെന്നും ദ്രാവിഡ് പറയുന്നു. മികച്ച ബൗളിങ് നിരയുള്ളതിനാല്‍ തന്നെ എല്ലായ്പ്പോഴും എതിര് ടീമിനെ പ്രതിരോധത്തിലാക്കാന്‍ സിഎസ്കെയ്ക്കു കഴിയും. മറുഭാഗത്ത് സിഎസ്കെയുടേത് പോലെ മികച്ച ബൗളിങ് നിര ആര്‍സിബിക്കു ഇതുവരെ ഉണ്ടായിട്ടില്ലെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി.
ലേലത്തില്‍ അശാസ്ത്രീമായി പണം ചെലവഴിക്കുന്നതാണ് മികച്ച ബൗളര്‍മാരെ കൊണ്ടു വരുന്നതില്‍ നിന്നും ആര്‍സിബിയെ തടയുന്നതെന്നും ദ്രാവിഡ് പറഞ്ഞു.